ചാരുംമൂട് : ഇടക്കുന്നം ഗവ. യു.പി. സ്കൂളിൽ നടത്തിയ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് കുട്ടികൾക്കെല്ലാം ഒരേപോലെ കൗതുകകരവും അറിവുപകരുന്നതുമായിരുന്നു. തിരഞ്ഞെടുപ്പു വിജ്ഞാപനം മുതൽ വോട്ടെടുപ്പുവരെയുള്ള വിവിധഘട്ടങ്ങൾ കുട്ടികൾക്ക് മനസ്സിലാകുന്നവിധമാണ് സംഘടിപ്പിച്ചത്. ബാലറ്റ് പേപ്പറിലൂടെയാണ് കുട്ടികൾ വോട്ടുരേഖപ്പെടുത്തിയത്. ഓരോ സ്ഥാനാർഥിക്കും ചിഹ്നങ്ങൾ അനുവദിച്ചു നൽകിയിരുന്നു. സ്കൂളിലെ മുഴുവൻ കുട്ടികളും ഒറ്റ ബൂത്തിലാണ് വോട്ടുരേഖപ്പെടുത്തിയത്. പോളിങ് ഉദ്യോഗസ്ഥരായി കുട്ടികൾതന്നെയാണ് ചുമതല നിർവഹിച്ചത്.
എല്ലാക്കുട്ടികളും വോട്ടേഴ്സ് സ്ലിപ്പുമായാണ് വോട്ടുചെയ്യാനായി ബൂത്തിലെത്തിയത്. സ്കൂൾ ഐ.ഡി. കാർഡ് തിരിച്ചറിയൽ രേഖയായി ഉപയോഗിച്ചു. ഓരോ സ്ഥാനാർഥിയും വിജയിച്ചാൽ എന്തെല്ലാം കാര്യങ്ങൾ ചെയ്യുമെന്ന് അവർ മീറ്റ് ദി കാൻഡിഡേറ്റ് പരിപാടിയിൽ അവതരിപ്പിച്ച് വോട്ടഭ്യർഥിച്ചു. ക്യൂ പാലിച്ച് ഊഴത്തിനനുസരിച്ച് വോട്ടുരേഖപ്പെടുത്തിയ കുട്ടികളുടെ മുഖത്ത് സന്തോഷവും അഭിമാനവും. സ്കൂൾ സോഷ്യൽസയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ഇലക്‌ഷന് എച്ച്.എം. ടെസ്സി അന്ന തോമസ്, ഗംഗ, സുമയ്യ അൻസാർ, നസീന, സംഗീത, ദിവ്യ, സൗമ്യ, ക്ലബ്ബ് സെക്രട്ടറി സുധീർഖാൻ എന്നിവർ നേതൃത്വം നൽകി.