ആലപ്പുഴ ; കേരളത്തിലെ സ്കൂൾ കുട്ടികൾ ഇനി മുതൽ ആലപ്പുഴ താമരക്കുളം വവി വി എച്ച് എസ് എസ്സിലെ സുഗതൻ മാഷിനോടും സംസ്ഥാന ബാലവകാശ കമ്മീഷനംഗം റെനി ആന്റണിയോടും കടപ്പെട്ടവരായിരിക്കും. ഈ അടുത്തിടെ കലാ- കായിക വിനോദ പീരീഡുകളിൽ ഇനി മുതൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കുവാൻ സാധ്യമല്ല എന്ന ഉത്തരവ് സർക്കാർ ഇറക്കിയിരുന്നു. ഇതിന് കാരണമായത് 2022 ഡിസംബർ മാസം പത്താം തീയതി പാഠ്യ പദ്ധതി പരിഷ്കരണ ചർച്ചയുമായി ബന്ധപ്പെട്ട് സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കൊല്ലം ശാസ്താംകോട്ട കെ എസ് എം ഡി ബി കോളേജിൽ സംഘടിപ്പിച്ച സെമിനാറാണ്. സെമിനാറിന്റെ ഉത്ഘാടകനായ ബാലവകാശ കമ്മീഷനംഗം റെനി ആന്റണിയുമായി കുട്ടികൾ നടത്തിയ സംവാദത്തിലാണ് കുട്ടികൾ ഈ പരാതി ഉന്നയിച്ചത്.
ഇത് ഗൗരവമായി കാണണമെന്ന് പറഞ്ഞ കമ്മീഷനംഗം ട്രസ്റ്റ് ചെയർമാനും സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും ബാലവകാശ പ്രവർത്തകനുമായ എൽ സുഗതനോട് കേരളത്തിലെ കുട്ടികൾക്ക് വേണ്ടി ഈ വിഷയം ഏറ്റെടുക്കുവാൻ അദ്ദേഹം അഭ്യർത്ഥിച്ചു. അതിനെ തുടർന്ന് സംസ്ഥാന ബാലാവകാശ കമ്മീഷനും വിദ്യാഭ്യാസ വകുപ്പിനും സുഗതൻ മാഷ് നിവേദനം അയച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതെന്ന് സംസ്ഥാന ബാലവകാശ കമ്മിഷനംഗം റെനി പറഞ്ഞു. എന്നിരുന്നാലും ഈ പീരീഡുകൾ എങ്ങനെ കൈകാര്യം ചെയ്യുമെന്ന ചോദ്യം അധികൃതർക്ക് മുന്നിൽ അവശേഷിക്കുന്നു. ഈ മേഖലകളിലെ അധ്യാപകരുടെ അപര്യാപ്തതയാണ് ഇതിനു കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്.