തിരുവനന്തപുരം : നവംബര്‍ ഒന്നിന് സ്കൂള്‍ തുറക്കുമ്പോള്‍ ക്ലാസുകളിലെത്തുക 34 ലക്ഷം വിദ്യാര്‍ഥികള്‍. 30 ലക്ഷത്തിലധികവും സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലാണ്. ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളും 10, പ്ലസ് ടു ക്ലാസുകളുമാണ് നവംബര്‍ ഒന്നിന് തുറക്കുന്നത്. അണ്‍എയ്ഡഡ് ഉള്‍പ്പെടെ സംസ്ഥാനത്തെ 15,892 സ്കൂളുകളാണ് ഒന്നര വര്‍ഷത്തോളം കോവിഡില്‍ അടഞ്ഞുകിടന്നത്. എട്ട്, ഒമ്പത്, പ്ലസ് വണ്‍ ക്ലാസുകള്‍ നവംബര്‍ പകുതിയോടെ തുടങ്ങാനാണ് ആലോചന. ഇൗ ക്ലാസുകള്‍ തുടങ്ങുന്നതോടെ 47 ലക്ഷത്തോളം കുട്ടികള്‍ സ്കൂളുകളിലെത്തും.
ഒന്നു മുതല്‍ ഏഴു വരെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലായി 22 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണുള്ളത്. അണ്‍എയ്ഡഡ് സ്കൂളുകള്‍ കൂടി ചേരുന്നതോടെ 26 ലക്ഷത്തിലധികമാകും. 10, പ്ലസ് ടു ക്ലാസുകളിലെ കുട്ടികള്‍ കൂടി ചേരുന്നതോടെ 34 ലക്ഷമായി ഉയരും. ഇത്രയും വിദ്യാര്‍ഥികളെ കോവിഡ് കാലത്ത് സുരക്ഷിതമായി സ്കൂളിലെത്തിക്കുന്നത് വിദ്യാഭ്യാസ വകുപ്പിന് വെല്ലുവിളിയാണ്.
ഇൗ മാസം 24 മുതല്‍ ഒക്ടോബര്‍ 18 വരെ പ്ലസ് വണ്‍ പരീക്ഷക്ക് വിദ്യാഭ്യാസ വകുപ്പ് തയാറെടുക്കുന്നതിനിടെയാണ്, സ്കൂള്‍ തുറക്കാനുള്ള അപ്രതീക്ഷിത തീരുമാനം വന്നത്. ഡിസംബറോെട സ്കൂള്‍ തുറക്കാനാകുമെന്ന പ്രതീക്ഷിച്ച വിദ്യാഭ്യാസ വകുപ്പിനെ ‘ഞെട്ടിച്ചാണ്’ ശനിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനമെടുത്തത്. 4.17 ലക്ഷം വിദ്യാര്‍ഥികളാണ് പ്ലസ് വണ്‍ പരീക്ഷ എഴുതുന്നത്. 30,000 ത്തോളം പേര് ഒന്നാം വര്‍ഷ വി.എച്ച്.എസ്.ഇ പരീക്ഷ എഴുതാനുമുണ്ട്. പരീക്ഷക്കൊപ്പം പ്ലസ് വണ്‍ ആദ്യ അലോട്ട്മെന്റും പ്രവേശന നടപടികളും ഇൗ മാസം 22ന് ആരംഭിക്കുകയാണ്.