പത്തനംതിട്ട : കോവിഡിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് പഠനാനുഭവങ്ങള്‍ പകര്‍ന്നു നല്‍കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ തിങ്കളാഴ്ച്ച ആരംഭിച്ചു.
രാവിലെ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കുള്ള ഇംഗ്ലീഷ് ക്ലാസോടെയാണ് തുടങ്ങിയത്. പുതുതായി എത്തിയ ഒന്നാം ക്ലാസുകാര്‍ക്ക് രാവിലെ 10.30ന് പഠനം ആരംഭിച്ചു. ശിശുസൗഹൃദപരമായ ക്ലാസുകളാണ് ഒന്നാം ക്ലാസിന് ഒരുക്കിയിരുന്നത്. കഥ പറഞ്ഞും പാട്ടുപാടിയുമൊക്കെയാണ് ഒന്നാം ക്ലാസുകാരുടെ ക്ലാസുകള്‍ പുരോഗമിച്ചത്. ടിവി കാണുന്ന കൗതുകത്തോടെ കൈറ്റ് വിക്ടേഴ്‌സ് ചാനലിനു മുന്‍പില്‍ ഇരുന്ന കുട്ടികള്‍ക്ക് മുന്‍പില്‍ നിര്‍ദേശങ്ങള്‍ എത്തിയപ്പോള്‍ അവരും ഒപ്പം ചേര്‍ന്നു. രണ്ടാം ക്ലാസുകാര്‍ക്ക് ആനിമേഷന്‍ രൂപത്തിലുള്ള ക്ലാസുകള്‍ ഒന്നാം ക്ലാസിലെ കഥാപാത്രങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു. കുട്ടികള്‍ ഉത്തരങ്ങള്‍ ടിവിക്ക് മുമ്പില്‍ നിന്ന് വിളിച്ചു പറഞ്ഞ് പഠിച്ചു.
സമഗ്ര ശിക്ഷാ അഭിയാന്‍ നേരത്തെ നടത്തിയ സര്‍വേയില്‍ 4819 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യങ്ങളില്ല എന്ന് കണ്ടെത്തിയിരുന്നു. ഈ കുട്ടികള്‍ക്ക് പഠന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഹെഡ്മാസ്റ്റര്‍മാര്‍ അതിന് അനുസൃതമായി പഠന സൗകകര്യങ്ങള്‍ ഒരുക്കുന്നതിന് ശ്രമിച്ചു. പ്രധാന രണ്ട് സ്വകാര്യ ചാനല്‍ ദാതാക്കള്‍ ചാനല്‍ സംപ്രേഷണം ചെയ്യാത്തത് ചില കുട്ടികള്‍ക്ക് പ്രയാസം ഉണ്ടാക്കിയിട്ടുണ്ട്. ഈ ഒരാഴ്ച കാലത്തെ ക്ലാസുകള്‍ അടുത്തയാഴ്ച വീണ്ടും ആവര്‍ത്തിക്കുമെന്നതിനാല്‍ കുട്ടികള്‍ക്ക് അതുമൂലം ക്ലാസ് നഷ്ടപ്പെട്ടില്ല. ഈ ഒരാഴ്ചക്കാലം പഠന സൗകര്യങ്ങള്‍ ഇല്ലാത്ത കുട്ടികളുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തുന്നത് അതത് ക്ലാസ് ടീച്ചര്‍മാരാവും. സമഗ്ര ശിക്ഷയുടെ നേതൃത്വത്തില്‍ വിദ്യാലയങ്ങള്‍ ഇതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. എല്ലാ സ്‌കൂളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ നടന്നു വരുന്നു.
വിവരങ്ങള്‍ ശേഖരിച്ചതിനുശേഷം തുടര്‍ന്ന് ഇനിയും പഠന സൗകര്യങ്ങള്‍ ഇല്ലാത്ത കുട്ടികളെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കും. ഒരു വിദ്യാലയത്തിന്റെ പരിധിയില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ അനവധി കുട്ടികള്‍ ക്ലാസ് ലഭിക്കുന്നില്ല എന്ന് കണ്ടെത്തിയാല്‍ അവര്‍ക്കായി ആഴ്ചയിലെ ക്ലാസുകള്‍ ഒരു ദിവസം ഒന്നിച്ച് സ്‌കൂളില്‍ തന്നെ കാണിക്കുന്നതിനുള്ള ക്രമീകരണമാണ് സംസ്ഥാനതലത്തില്‍ തീരുമാനിച്ചിട്ടുള്ളത്.
അര മണിക്കൂര്‍ വീതമുള്ള ക്ലാസുകളാണ് ഒരു ക്ലാസിലേക്ക് ഇപ്പോള്‍ സംപ്രേഷണം ചെയ്യുന്നത്. ക്ലാസുകള്‍ കാണാത്ത കുട്ടികളെ സ്‌കൂളില്‍ എത്തിച്ച് ക്ലാസ് നല്‍കും. ഒരാഴ്ചക്കാലം കൊണ്ട് ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഏതെങ്കിലും സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്ന സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ പഠനത്തില്‍ പങ്കാളികളാകുവാന്‍ ഉള്ള തീവ്ര ശ്രമങ്ങളാണ് വിദ്യാഭ്യാസവകുപ്പും വിവിധ ഏജന്‍സികളും നടത്തിക്കൊണ്ടിരിക്കുന്നത്.