മലപ്പുറം : സ്‌കൂളിലെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച മലപ്പുറം എം.എസ് പി ഹയര്‍സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍. പുല്പറ്റ തൃപ്പനച്ചി മേല്‍പ്പള്ളി മനക്കല്‍ നാരായണന്‍ (44) ആണ് പിടിയിലായത്. പിടിയിലായ പ്രതിയെ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി റിമാന്റ് ചെയ്തു. മലപ്പുറം എം എസ് പി ഹയര്‍സെക്കന്ററി സ്‌കൂളില്‍ സംസ്‌കൃതം അദ്ധ്യാപകനാണ് പ്രതി.
ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പരാതിക്കാരി. മൂന്നു വര്‍ഷം മുമ്പ് പരാതിക്കാരി ആറാംക്ലാസില്‍ പഠിക്കുമ്പോള്‍ അദ്ധ്യാപകന്‍ തനിക്ക് മാനഹാനി വരുത്തിയെന്നാണ് പരാതി. പത്തു വര്‍ഷമായി ഈ സ്‌കൂളില്‍ അദ്ധ്യാപകനാണ് പ്രതി. രഹസ്യ വിവരത്തെ തുടര്‍ന്ന് മലപ്പുറം വനിതാ പോലീസ് എസ് ഐ സന്ധ്യാദേവി സ്‌കൂളിലെത്തുകയും ഡെപ്യൂട്ടി ഹെഡ് മിസ്ട്രസ് സീതയുടെ സാന്നിദ്ധ്യത്തില്‍ കുട്ടിയുടെ മൊഴിയെടുക്കുകയുമായിരുന്നു. ചൂരലുമെടുത്ത് റോന്ത് ചുറ്റുന്ന വല്യ കാര്‍ക്കശ്യക്കാരനായ ഈ അദ്ധ്യാപകന്‍ വടി കൊണ്ട് പാവാടയ്ക്കടിയില്‍ പരിശോധന നടത്തിയെന്നും കുപ്പായം പൊക്കി നോക്കിയെന്നും കൈമുട്ടിന് ഇടയിലൂടെ കൈ ഇട്ടുവെന്നുമൊക്കെയാണ് പരാതി
തുടര്‍ന്ന് അറസ്റ്റിലായ പ്രതി അഭിഭാഷകന്‍ മുഖേന കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വഴക്കുണ്ടാക്കിയപ്പോള്‍ തടഞ്ഞതിലുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്നായിരുന്നു വാദം. എന്നാല്‍ പ്രതിക്ക് ജാമ്യം നല്‍കുന്നതിനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഐഷ പി ജമാല്‍ ശക്തമായി എതിര്‍ക്കുകയും പ്രതിക്ക് ജാമ്യം നല്‍കുന്ന പക്ഷം കുട്ടിയെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് കോടതിയെ ബോധ്യപ്പെടുത്തുകയുമായിരുന്നു.