തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിലെ അധ്യാപകരുടെ കുറവ് പരിഹരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി.അധ്യാപകരുടെ ഒഴിവുകള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ അറിയിക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി താല്‍ക്കാലിക നിയമനം ലഭിക്കുന്ന അധ്യാപകരെത്തുന്നത് വരെ പി.ടി.എ നിയമിച്ചവര്‍ക്ക് തുടരാമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് വിദ്യഭ്യാസമേഖലയില്‍ വന്‍ വളര്‍ച്ചയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 10.84 ലക്ഷം കുട്ടികളാണ് കഴിഞ്ഞ വര്‍ഷം പൊതുവിദ്യാലയങ്ങളിലെത്തിയത്. ഈ വര്‍ഷം അഞ്ച് ലക്ഷം കുട്ടികളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്കൂളുകള്‍ വീണ്ടും തുറക്കുമ്പോള്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്നും വിദ്യാഭ്യാസമന്ത്രി നിര്‍ദേശിച്ചു.
മാസ്കും സാനിറ്റൈസറും ഉറപ്പാക്കണം. വാക്സിന്‍ ലഭിക്കാത്തവര്‍ക്ക് എത്രയും പെട്ടെന്ന് അത് കൊടുക്കാനുള്ള ക്രമീകരണമൊരുക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷം സംസ്ഥാനത്തെ സ്കൂളുകളില്‍ പ്രവേശനോത്സവത്തോടെ ബുധനാഴ്ച അധ്യയനാരംഭം. ഒന്നാം ക്ലാസിലേക്കുള്ള മൂന്നരലക്ഷത്തോളം നവാഗതര്‍ ഉള്‍പ്പെടെ 42.9 ലക്ഷം വിദ്യാര്‍ഥികളാണ് വീണ്ടും പള്ളിക്കൂടങ്ങളിലെത്തുന്നത്. കോവിഡ് വ്യാപനത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലായിരുന്നു അധ്യയന വര്‍ഷാരംഭം.