മാനന്തവാടി : സ്കൂളില്‍ ഉച്ചക്കഞ്ഞിക്കുള്ള അരി മറിച്ച് വില്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സ്കൂള്‍ പ്രധാന അധ്യാപകനെതിരെയും ഉച്ചക്കഞ്ഞി വിതരണ ചുമതലയുളള അധ്യാപകനെതിരെയും നടപടി. മാനന്തവാടി കല്ലോടി ജോസഫ് യു.പി സ്കൂള്‍ അധ്യാപകരുടെ നേതൃത്വത്തിലാണ് ഉച്ചക്കഞ്ഞിക്കുള്ള അരി മറിച്ച് വില്‍ക്കാന്‍ ശ്രമം നടന്നത്.
ഡിഡിഇ ആണ് ഇരുവരെയും സസ്പെന്‍ഡ് ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എഇഒയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രധാന അധ്യാപകന്‍ സാബു പി. ജോണ്‍, അധ്യാപകനായ അനീഷ് ജേക്കബ് എന്നിവര്‍ക്കെതിരെ നടപടി എടുക്കാന്‍ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
386 കിലോ അരിയാണ് കല്ലോടി സെന്റ് ജോസഫ് സ്കൂള്‍ അധ്യാപകരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നാലാം മൈലിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ ശ്രമിച്ചത്. വിവരം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ സിവില്‍ സപ്ലെയ്സ് അധികൃതരെ വിവരം അറിയിച്ചു. തുടര്‍ന്ന് അരി ഏറ്റെടുത്ത് പൊതുവിതരണ കേന്ദ്രത്തിലേക്ക് മാറ്റി. സ്കൂളുകളില്‍ മിച്ചം വരുന്ന അരി സമൂഹ അടുക്കളക്ക് നല്‍കാവുന്നതാണെന്ന് നേരത്തെ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. സ്കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായെന്നും നടപടി എടുക്കണമെന്നും കാണിച്ച് എ.ഇ.ഒ , ഉപവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ ഓണ്‍ലൈന്‍ പഠനത്തിന് ടിവിയും മൊബൈല്‍ ഫോണുകളും വാങ്ങിയ ഇനത്തില്‍ കൊടുക്കാനുണ്ടായിരുന്ന പണത്തിന് വേണ്ടി വിദ്യാത്ഥികളില്‍ നിന്ന് സമാഹരിച്ച അരിയാണ് വില്‍പ്പന നടത്തിയതെന്നാണ് സ്കൂള്‍ അധികൃതരുടെ വാദം.
എല്‍.പി സ്കൂളില്‍ ഒരു കുട്ടിക്ക് 4 ഉം യുപിയില്‍ 6 കിലോയും അരിയാണ് ഉച്ചക്കഞ്ഞിക്കായി സര്‍ക്കാര്‍ അനുവദിക്കുന്നത്. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് അധ്യാപക സംഘടനകളും വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.