തിരുവനന്തപുരം : കൊവിഡ് പ്രതിസന്ധികള്‍ക്കിടെ സംസ്ഥാനത്ത് വീണ്ടുമൊരു അദ്ധ്യായന വര്‍ഷം. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. പുതിയ ലോകം കുഞ്ഞുങ്ങളുടെ ലോകമാണെന്നും അത് കെട്ടിപടുക്കാനുളള തുടക്കമാണ് പ്രവേശനോത്സവമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിസന്ധിഘട്ടങ്ങള്‍ വലിയ പാഠങ്ങള്‍ പഠിക്കാനുളള അവസരമാണ്. വിദ്യാഭ്യാസം വിവരശേഖരണം മാത്രമല്ല. ഡിജിറ്റല്‍ ഡിവൈഡ് പ്രതിസന്ധിയെ കേരളം ഒറ്റക്കെട്ടായാണ് നേരിട്ടത്. പുത്തനുടുപ്പുമിട്ട് സ്‌കൂളിലേക്ക് പോകുന്ന കാലം വിദൂരമല്ല. ലോകം മുഴുവന്‍ ഇങ്ങനെയാണെന്ന് കുട്ടികള്‍ രക്ഷകര്‍ത്താക്കളെ പറഞ്ഞ് മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശരിയായി ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഘട്ടംഘട്ടമായി നടപ്പാക്കും. അദ്ധ്യാപകരുമായി നേരിട്ട് സംവദിക്കാനുളള അവസരം ഇക്കൊല്ലമുണ്ട്. ഏറെ പ്രതിസന്ധികളെ അതിജീവിച്ചാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുളള അവസരമൊരുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഗതാതഗത വകുപ്പ് മന്ത്രി ആന്റണി രാജു, ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മൂന്നരലക്ഷം കുട്ടികളാണ് ഇന്ന് ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്നത്. കൊവിഡ് കാലത്തും പഠനം മുടങ്ങാതിരിക്കാന്‍ വിപുലമായ സംവിധാനങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിരിക്കുന്നത്. മുന്‍ വര്‍ഷത്തെ പോരായ്‌മകള്‍ പരിഹരിക്കുന്നതിനൊപ്പം വീട്ടിലിരുന്നുള്ള പഠനം മികവുറ്റതാക്കുന്നതിനുമായി പുതിയ നിര്‍ദേശങ്ങളും ക്രമീകരണങ്ങളുമുണ്ട്. പഠനത്തിന്റെ ഭാഗമായുള്ള കൗണ്‍സലിംഗിനൊപ്പം തന്നെ ടെലികൗണ്‍സിലിംഗിനുള്ള സൗകര്യവും ഇത്തവണ ഒരുക്കുന്നുണ്ട്.