അങ്കമാലി : മധ്യവയസ്കരായ ദമ്പതികള്‍ സഞ്ചരിച്ച സ്കൂട്ടറില്‍ ചരക്ക് ലോറിയിടിച്ച് വീട്ടമ്മ മരിച്ചു. സ്കൂട്ടര്‍ ഓടിച്ചിരുന്ന ഭര്‍ത്താവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലുവ യു.സി കോളേജ് കടൂപ്പാടം പുളിയത്ത് വാഴേലിപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദലിയുടെ (റിട്ട. മൃഗസംരക്ഷണ വകുപ്പ്) ഭാര്യ ഖദീജ ബീവിയാണ് (58) മരിച്ചത്. സ്കൂട്ടര്‍ ഓടിച്ചിരുന്ന മുഹമ്മദലിയെ (67) അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെ 6.20ന് ദേശീയപാത നെടുമ്പാശ്ശേരി അത്താണി അസീസി ജങ്ഷനിലായിരുന്നു (എയര്‍പോര്‍ട്ട് കവല) അപകടം. ഇരുവരും പെരുമ്പാവൂര്‍ ഓണമ്പിള്ളിയിലുള്ള മകള്‍ നിഷയുടെ വീട്ടിലേക്ക് സ്കൂട്ടറില്‍ പോകുകയായിരുന്നു. ജങ്ഷനിലെ സിഗ്നല്‍ തെളിഞ്ഞതോടെ സ്കൂട്ടര്‍ എയര്‍പോര്‍ട്ട് റോഡിലേക്ക് തിരിച്ചതും പിറകില്‍ വന്ന ടോറസ് ചരക്ക് ലോറി സ്കൂട്ടറില്‍ ഇടിച്ച് കയറുകയായിരുന്നു.
മുഹമ്മദലി റോഡില്‍ തെറിച്ച് വീണെങ്കിലും ഖദീജ ബീവി ലോറിയുടെ ടയറുകള്‍ക്കിടയില്‍ കുടുങ്ങി തല്‍ക്ഷണം മരിച്ചു. നാട്ടുകാരെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഖദീജ ബീവിയുടെ മൃതദേഹം അങ്കമാലി എല്‍.എഫ് ആശുപത്രി മോര്‍ച്ചറിയില്‍. മുഹമ്മദലിയുടെ പരിക്ക് ഗുരുതരമല്ല. മറ്റ് മക്കള്‍: നിഷാദ്, റഫീഖ് സഖാഫി, അബ്ദുല്‍ ജബ്ബാര്‍. മരുമക്കള്‍: സുല്‍ഫിക്കര്‍ അലി ഫൈസി, സജ്ന, അജീഷ.