അടൂർ : വർക്‌ഷോപ്പ് ഉടമയിൽനിന്ന് വാങ്ങിയ സ്കൂട്ടർ കടമ്പനാട് മാഞ്ഞാലി ദമ്പതികൾക്ക് കുരുക്കായി. ഗതാഗത നിയമം ലംഘിച്ചതുമായി ബന്ധപ്പെട്ട് മോട്ടർ വാഹന വകുപ്പിന്റെ പിഴ വന്നതിനെ തുടർന്ന് ദമ്പതികളെ മോഷ്ടാക്കൾ ആയി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഒടുവിൽ ദമ്പതികൾ പോലീസ് സ്റ്റേഷനിൽ ഹാജരായി സത്യങ്ങൾ ബോധ്യപ്പെടുത്തിയതോടെ പോലീസ് നടപടികളിൽ നിന്ന് ഒഴിവായി. മണക്കാല സ്വദേശിനി മണക്കാലയിലുള്ള വർക്‌ഷോപ്പിൽ അറ്റകുറ്റപ്പണികൾക്കായി ഏൽപിച്ചിരുന്ന സ്കൂട്ടർ 2023ൽ ആണ് മാഞ്ഞാലി സ്വദേശികളായ ദമ്പതികൾ വാങ്ങിയത്. രേഖകൾ പിന്നീട് നൽകാമെന്നായിരുന്നു വർക്‌ഷോപ് ഉടമ ദമ്പതികളോട് പറഞ്ഞിരുന്നത്. എന്നാൽ ഇതിനിടെ വർക്‌ഷോപ് ഉടമ മരിച്ചതോടെ വാഹനത്തിന്റെ രേഖകൾ ലഭിച്ചില്ല.
അടുത്തയിടെ ഗതാഗതനിയമം ലംഘിച്ചതിന്റെ പിഴ സ്കൂട്ടറിന്റെ ആദ്യ ഉടമയായ മണക്കാല സ്വദേശിനിക്കു വന്നു. ഇതിനെ തുടർന്ന് വിദേശത്തായിരുന്ന മണക്കാല സ്വദേശിനി വർക്‌ഷോപ് ഉടമയുടെ കൈവശം അറ്റകുറ്റ പണികൾക്കായി ഏൽപിച്ചിരുന്ന വാഹനം കണ്ടെത്തി തരണമെന്ന് അടൂർ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് ഈ വാഹനം കണ്ടെത്താൻ മോട്ടോർവാഹന വകുപ്പിനെ ഏൽപിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് പിഴ നോട്ടിസിൽ വന്ന ദമ്പതികളുടെ ചിത്രമെടുത്ത് സ്കൂട്ടർ മോഷ്ടിച്ചവരാണെന്ന് ചിത്രീകരിച്ച് ആരോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. തുടർന്ന് നാണക്കേടു സഹിക്കാൻ വയ്യാതായതോടെ ദമ്പതികൾ സ്കൂട്ടർ പോലീസ് സ്റ്റേഷനിൽ ഹാജരാക്കി. സത്യം ബോധ്യപ്പെട്ട സ്ഥിതിക്ക് വിദേശത്തുള്ള സ്കൂട്ടറിന്റെ യഥാർഥ ഉടമയോട് കാര്യങ്ങൾ ചോദിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.