തിരുവനന്തപുരം: കോര്‍പ്പറേഷനിലെ പട്ടികജാതി ഫണ്ട് തട്ടിപ്പിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഇടനിലക്കാരുടെ വന്‍ സംഘം. പാവപ്പെട്ട പട്ടികജാതിക്കാരില്‍നിന്ന് അപേക്ഷകള്‍ വാങ്ങുന്നതു മുതല്‍ ബാങ്കുകളില്‍നിന്ന് ചെക്കുകള്‍ സ്വന്തം പേരില്‍ മാറിയെടുക്കുന്നതു വരെ ഇവരാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇതു തുടരുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ബാങ്കുകളില്‍നിന്ന് സബ്സിഡി തുക നല്‍കിയ സ്ഥാപനങ്ങള്‍ പരിശോധിച്ചാല്‍ തട്ടിപ്പു ബോധ്യമാവും. പേരിനുമാത്രമുണ്ടാക്കിയ ചില സ്ഥാപനങ്ങളിലേക്കാണ് സബ്സിഡി തുക മുഴുവന്‍ മാറിയെടുത്തിരിക്കുന്നത്.
പല സ്ഥലങ്ങളില്‍നിന്നു ശേഖരിക്കുന്ന പട്ടികജാതിക്കാരുടെ വിലാസവും സര്‍ട്ടിഫിക്കറ്റുകളും ഉപയോഗിച്ചാണ് തട്ടിപ്പു നടത്തുന്നത്. ആനുകൂല്യം വാങ്ങിനല്‍കാമെന്ന പേരില്‍ അപേക്ഷ വാങ്ങി സബ്സിഡി തട്ടിയെടുത്ത് തുച്ഛമായ തുകകള്‍ നല്‍കി ഒതുക്കുന്നതും പതിവാണ്. 1.26 കോടി രൂപയുടെ സബ്സിഡി തട്ടിപ്പ് കണ്ടെത്തിയതില്‍ കൂടുതല്‍ തുകകളും പോയിരിക്കുന്നത് തിരുവല്ലം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു ഇടനിലസംഘത്തിനാണ്. ഭൂരിഭാഗം സംഘങ്ങള്‍ക്കും ലഭിച്ച തുക ഒരേ സ്ഥാപനത്തിലെ ബില്ലുപയോഗിച്ചാണ് മാറിയെടുത്തിരിക്കുന്നത്. വ്യക്തിഗത ആനുകൂല്യത്തിന് അപേക്ഷ നല്‍കിയപ്പോള്‍ 4500 രൂപയോളം കൈക്കൂലി വാങ്ങിയെന്ന് മേയര്‍ക്കു പരാതി ലഭിച്ചതും ഈ സ്ഥാപനവുമായി ബന്ധപ്പെട്ട പൂന്തുറ സ്വദേശിനിക്കെതിരേയാണ്.
കോര്‍പ്പറേഷനില്‍ പട്ടികജാതി ആനുകൂല്യങ്ങള്‍ക്ക് അപേക്ഷ നല്‍കിയവരല്ല തുടരന്വേഷണങ്ങള്‍ക്കെത്തുന്നത്. സ്ഥിരം ചില ഇടനിലക്കാരാണ് കുറവുള്ള രേഖകള്‍ എത്തിക്കുന്നതും ഉദ്യോഗസ്ഥരുമായി ചങ്ങാത്തം കൂടുന്നതും. സ്വയംതൊഴില്‍ സംഘങ്ങള്‍ക്ക് വായ്പയും അക്കൗണ്ടും തേടി സഹകരണ ബാങ്കുകളിലെത്തുന്നതും ഇടനിലക്കാര്‍തന്നെ. പക്ഷേ, ഇവിടെ നല്‍കുന്ന ഗുണഭോക്താക്കളുടെ പേരുകള്‍ വ്യത്യസ്തമായിരിക്കും. ആരെങ്കിലും അന്വേഷിച്ചുവന്നാല്‍ ഒഴിവാക്കിവിടാനാണ് ഈ തന്ത്രം.
ഒരു സ്വയംതൊഴില്‍ സംഘത്തിലെ രണ്ടുപേരുടെ പേരില്‍ അക്കൗെണ്ടടുത്ത് പണം ഇടനിലക്കാര്‍ നടത്തുന്ന സ്വകാര്യസ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കു മാറിയെടുക്കും. എന്നാല്‍, കോവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ മുതലെടുത്ത് വ്യജരേഖകള്‍ വ്യാപകമായുണ്ടാക്കി വന്‍ തട്ടിപ്പു നടത്തുകയായിരുന്നു. പലയിടത്തുനിന്നു കിട്ടുന്ന രേഖകളിലും വിലാസത്തിലുമെല്ലാം സബ്സിഡി തട്ടിക്കുകയായിരുന്നു. മുന്‍ വര്‍ഷങ്ങളിലെപ്പോലെ ഇപ്പോഴും ഇതു തുടരാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്.