പാലക്കാട് : എസ്.ഡി.പി.ഐ നേതാവ് സുബൈറിനെ കൊലപ്പെടുത്തിയ കേസ് ക്രൈംബ്രാഞ്ച് ഡിവൈഎസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷിക്കുമെന്ന് പാലക്കാട് എസ്.പി ആര്‍.വിശ്വനാഥ്. അഞ്ച് സി.ഐമാരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിക്കുമെന്നും എസ്.പി അറിയിച്ചു. സഞ്ജിത് വധക്കേസ് അന്വേഷണത്തിലെ താമസം പരിഹരിക്കുമെന്നും എസ്.പി പറഞ്ഞു.
പാലക്കാട് എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിനെ ജുമുഅ നമസ്കാരം കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കില്‍ പോകവെയാണ് വെട്ടിക്കൊന്നത്. രണ്ടു കാറുകളിലാണ് അക്രമിസംഘം സുബൈറിനെ പിന്തുടര്‍ന്നത്. സുബൈറിന്റെ ബൈക്കില്‍ ഇടിച്ചു വീഴ്ത്തിയ ശേഷം രണ്ടാമത്തെ കാറില്‍ നിന്നിറങ്ങിയ സംഘമാണ് വെട്ടിയത്. ഇതില്‍ ഒരു കാര്‍ പിന്നീട് ഉപേക്ഷിച്ച നിലയില്‍ പോലീസ് കണ്ടെടുത്തു.
കഴിഞ്ഞ നവംബറില്‍ കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ പേരിലുള്ളതാണ് ഈ കാര്‍. പോപ്പുലര്‍ ഫ്രണ്ട് പാറ ഏരിയ പ്രസിഡണ്ടാണ് സുബൈര്‍. ആക്രമണത്തിനിടെ സുബൈറിന്റെ ഒപ്പമുണ്ടായിരുന്ന പിതാവ് അബൂബക്കറിന് ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റു. കണ്‍മുന്നില്‍ മകന്‍ വെട്ടേറ്റ് മരിച്ചതിന്റെ ഞെട്ടലിലാണ് ഇദ്ദേഹം. വെട്ടേറ്റ സുബൈറിനെ അതിവേഗം ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.