പത്തനംതിട്ട: പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് മൂന്നുരൂപ വീതം വര്‍ധിപ്പിച്ചത് പൊറുക്കാനാവാത്ത ജനദ്രോഹ നടപടിയാണെന്ന് എസ്ഡിറ്റിയു ജില്ലാ ജനറൽ സെക്രട്ടറി അൻസാരി കൊന്നമൂട് പറഞ്ഞു. വില വർദ്ധനയ്ക്കെതിരേ നടത്തിയ ബി എസ് എൻ എൽ ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് പെട്രോള്‍- ഡീസല്‍ വിലനിശ്ചയിക്കാനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്ക് പതിച്ചുനല്‍കിയതിനാല്‍ നിലവില്‍ ലോകവിപണിയില്‍ ഉണ്ടായിട്ടുള്ള വിലക്കുറവ് ഇന്ത്യയില്‍ ലഭ്യമായിട്ടില്ല.
കൊറോണയും കേന്ദ്ര സര്‍ക്കാര്‍ വരുത്തിവച്ച സാമ്പത്തിക പ്രതിസന്ധിയും മൂലം നട്ടംതിരിയുന്ന ജനങ്ങളുടെ മേലുള്ള ഇരുട്ടടിയാണ് ഈ നടപടി. കൊള്ളലാഭമുണ്ടാക്കാന്‍ പെട്രോളിയം ലോബിക്ക് വഴിയൊരുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇത്രയും ജനവിരുദ്ധമായ സമീപനം സ്വീകരിക്കുക വഴി തങ്ങള്‍ ഫാഷിസ്റ്റ് ഏകാധിപത്യ കോര്‍പറേറ്റ് അനുകൂല സര്‍ക്കാരാണെന്ന് മോദി സര്‍ക്കാര്‍ ഒരിക്കല്‍കൂടി തെളിയിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ ദ്രോഹസമീപനങ്ങള്‍ക്കെതിരേ രാജ്യത്തെങ്ങും പ്രതിഷേധങ്ങള്‍ ഉയരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. യോഗത്തിൽ യൂണിയൻ ജില്ലാ ട്രഷർ സി പി നസീർ അധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ കമ്മറ്റി അംഗം ഹസ്സൻകുട്ടി, യൂണിയന്റെ ആറന്മുള മേഖല സെക്രട്ടറി റഷിദ്, അഷ്റഫ് , അൻസാരി വലംഞ്ചുഴി, സലീം എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.