പത്തനംതിട്ട : കിഫ്ബി പദ്ധതിയിലൂടെ കോഴഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂളിന്റെ രണ്ടാമത്തെ കെട്ടിടം യാഥാര്‍ഥ്യമായതില്‍ ഏറെ ചാരിതാര്‍ഥ്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നവകേരള പദ്ധതി രണ്ട് വിദ്യാകിരണം മിഷന്റെ ഭാഗമായി കിഫ്ബിയുടെ അഞ്ചുകോടി രൂപയും 25 ലക്ഷം രൂപ എംഎല്‍എ ഫണ്ടും വിനിയോഗിച്ച് നിര്‍മിച്ച കോഴഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂളിന്റെ ഓഡിറ്റോറിയം ബ്ലോക്കിന്റെ ശിലാഅനാച്ഛാദനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അടിസ്ഥാന സൗകര്യമാണ് നിലവില്‍ ഒരുക്കിയിരിക്കുന്നത്. തുടര്‍ പ്രവര്‍ത്തനങ്ങള്‍ സാധ്യമാകുംവരെ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍തല താക്കോല്‍ കൈമാറ്റവും മന്ത്രി നിര്‍വഹിച്ചു.
ഓഡിറ്റോറിയം ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഓരോ വിദ്യാലയങ്ങളും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത്. സ്‌കൂള്‍ ഓഡിറ്റോറിയം കോംപ്ലക്സില്‍ അടുക്കള, ഐടി ലാബ്, ഡൈനിങ് ഹാള്‍, സെമിനാര്‍ ഹാള്‍ എന്നിവയാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 18ന് മുഖ്യമന്ത്രി സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു. കിഫ്ബിയുടെ അഞ്ച് കോടി രൂപ കൂടാതെ എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച 25 ലക്ഷം രൂപയും നിര്‍മ്മാണത്തിനായി ഉപയോഗിച്ചു. രണ്ട് ബ്ലോക്കുകള്‍ നിര്‍മ്മിച്ചതില്‍ ഓഡിറ്റോറിയം ബ്ലോക്കിന്റെ ഉദ്ഘാടനമാണ് നടന്നത്.
ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവി അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ പി. തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജി വര്‍ഗീസ് ജോണ്‍, വൈസ് പ്രസിഡന്റ് മിനി സുരേഷ്, പഞ്ചായത്തംഗങ്ങള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.