ന്യൂഡൽഹി : കൊറോണ വൈറസ് പടരുന്ന ചൈനയിലെ വുഹാനിൽ നിന്നുള്ള ഇന്ത്യക്കാരുമായി എയർ ഇന്ത്യയുടെ രണ്ടാം വിമാനം ഡൽഹിയിലെത്തി. ഈ വിമാനത്തിൽ മലയാളികളടക്കം 323 ഇന്ത്യാക്കാരാണ് ഉള്ളത്. ഒപ്പം ഏഴ് മാലിദ്വീപ് സ്വദേശികളുമുണ്ട്. മനേസറിലെ സൈനിക ക്യാമ്പിലും കുടുംബങ്ങളെ ഐടിബിപി ക്യാമ്പിലേക്കും മാറ്റും. ഇവിടെ 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷമേ ഇവരെ സ്വന്തം വീടുകളിലേക്ക് പോകാൻ അനുവദിക്കൂ.
ഇന്നലെ 42 മലയാളികൾ അടക്കം 324 പേരെ തിരികെ എത്തിച്ചിരുന്നു. ഇവരും ഈ രണ്ട് ക്യാമ്പുകളിലായാണ് ഉള്ളത്. 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷമേ ഇവരെയും നാട്ടിലേക്ക് തിരികെ അയക്കൂ. അതിനിടെ കേരളത്തിൽ രണ്ടാമത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിൽ നിന്നെത്തിയ വ്യക്തിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും നില ഗുരുതരമല്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു
ചൈനയില്‍ നിന്നെത്തിയവര്‍ നിര്‍ബന്ധമായും പൊതു ഇടങ്ങളില്‍ ഇറങ്ങരുത്. ഇവരുടെ കുടുംബാംഗങ്ങളും വീട് വിട്ട് ഇറങ്ങരുത്. ഇവര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ അവധി ലഭിക്കാനുളള നടപടി സര്‍ക്കാര്‍ സ്വീകരിക്കും.