മലപ്പുറം: മുസ്‌ലിം ലീഗിന് കേരളത്തിൽനിന്ന് രണ്ടാമതൊരു രാജ്യസഭാസീറ്റിനുകൂടി വഴിയൊരുങ്ങിയത് 18 വർഷത്തിനുശേഷം. 1979-ൽ യു.ഡി.എഫ്. നിലവിൽ വന്നശേഷം ലീഗിന് മിക്കപ്പോഴും ഒരേസമയം രണ്ട് രാജ്യസഭാ എം.പി.മാരുണ്ടായിരുന്നു. 2006-ൽ അബ്ദുസ്സമദ് സമദാനിയുടെ കാലാവധി കഴിഞ്ഞപ്പോഴാണ് അത് ഒന്നായി ചുരുങ്ങിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൂന്നാംസീറ്റെന്ന ആവശ്യത്തിൽ ഇത്തവണ ഉറച്ചുനിന്നതോടെയാണ് രാജ്യസഭയിൽ രണ്ടാംസീറ്റിന് സാധ്യത തെളിഞ്ഞത്. ജൂലായിൽ ഒഴിവുവരുന്ന മൂന്ന് സീറ്റുകളിൽ യു.ഡി.എഫിന് ജയിക്കാവുന്ന സീറ്റാണ് കോൺഗ്രസ് ഉറപ്പുനൽകിയത്.
നിലവിലെ രാജ്യസഭാംഗം പി.വി. അബ്ദുൽവഹാബിന് 2027 ഏപ്രിൽ 23 വരെ കാലാവധിയുണ്ട്. തുടർന്നും രാജ്യസഭയിൽ ലീഗിന് രണ്ട് അംഗങ്ങളെ ഉറപ്പാക്കുമെന്നാണ് കോൺഗ്രസിന്റെ വാഗ്‌ദാനം. തമിഴ്‌നാട്ടിൽ ഡി.എം.കെ. മുന്നണിയുടെ ഭാഗമായും ലീഗ് രാജ്യസഭാസീറ്റിനായി ചർച്ച നടത്തുന്നുണ്ട്. കേരളത്തിൽനിന്നുള്ള രാജ്യസഭാസീറ്റിൽ സംസ്ഥാന ജനറൽസെക്രട്ടറി പി.എം.എ. സലാമിനാണ് മുൻതൂക്കം. യൂത്ത് ലീഗ് പ്രതിനിധികളും പരിഗണനയിലുണ്ട്.