നിരണം : രണ്ടാമത് അപ്പർ കുട്ടനാട് ജലോത്സവം വെള്ളിയാഴ്ച രണ്ടിന് കടപ്ര ബേത്‌ലഹേം സെയ്ന്റ് ജോർജ് ഓർത്തഡോക്സ് പള്ളിക്കടവുമുതൽ നിരണം സെയ്ന്റ് തോമസ് ഹൈസ്‌കൂൾ കടവുവരെയുള്ള നെട്ടായത്തിൽ നടക്കും. കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ജലോത്സവം ഉദ്ഘാടനം ചെയ്യും. ആന്റോ ആൻറണി എം.പി. സമ്മാനദാനം നിർവഹിക്കും. ജലോത്സവത്തിൽ ഇരുപതിൽപരം വള്ളങ്ങൾ പങ്കെടുക്കും. മേൽപ്പാടം, കടവിൽ, പായിപ്പാട് പുത്തൻചുണ്ടൻ എന്നിവർ കന്നിയങ്കത്തിൽ മാറ്റുരയ്ക്കുന്ന ഈ വർഷത്തെ ജലോത്സവം ചരിത്രത്തിൽ ഇടം നേടും.
ആനാരി, ആയാപറമ്പ് പാണ്ടി, ആയാപറമ്പ് വലിയ ദിവാൻജി, സെയ്ന്റ് ജോർജ്, വീയപുരം, നിരണം, ചെറുതന എന്നീ ചുണ്ടൻവള്ളങ്ങളിൽ കേരളത്തിലെ പ്രമുഖ ടീമുകളായ വി.ബി.സി. കൈനകരി, കുമരകം ടൗൺ ബോട്ട് ക്ലബ്ബ്, നിരണം ബോട്ട് ക്ലബ്ബ്, പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്, യു.ബി.സി. കൈനകരി, പുന്നമട ബോട്ട് ക്ലബ്ബ്, ആലപ്പുഴ ടൗൺ ബോട്ട് ക്ലബ്ബ്, കൊല്ലം ജീസസ് ബോട്ട് ക്ലബ്ബ്, ചെറുതന ബോട്ട് ക്ലബ്ബ്, നിരണം വില്ലേജ് ബോട്ട് ക്ലബ്ബ് എന്നീ അതികായന്മാർ മത്സരിക്കും. നവജ്യോതി, പുളിക്കത്ര ഷോട്ട്, പഴശ്ശിരാജ, കോട്ടപ്പറമ്പൻ, ആശപുളിക്കക്കളം എന്നീ വെപ്പുവള്ളങ്ങളും ജലറാണി, സെയ്ന്റ് ജോസഫ് തുടങ്ങിയ ഇരുട്ടുകുത്തി വള്ളങ്ങളും മത്സരത്തിൽ മാറ്റുരയ്ക്കും. നിരണം, കടപ്ര പഞ്ചായത്തുകളിലെ ജലോത്സവ പ്രേമികൾ സംയുക്തമായി ചേർന്നാണ് ജലോത്സവം സംഘടിപ്പിക്കുന്നത്.