കോട്ടയം : പോലീസിന് നല്‍കിയ രഹസ്യ വിവരം പോലീസ് തന്നെ ചോര്‍ത്തി നല്‍കി. മാധ്യമപ്രവര്‍ത്തകനു നേരെ വധ ഭീഷണിയുമായി മധ്യവയസ്കൻ. ലഹരി മാഫിയ സംഘങ്ങളെക്കുറിച്ച് ലഭിക്കുന്ന വിവരങ്ങൾ യഥാസമയം അറിയിക്കണമെന്നുള്ള വൈക്കം ഡിവൈഎസ്പിയുടെ നിർദ്ദേശാനുസരണം കേരള പത്രപ്രവർത്തക അസോസിയേഷൻ കോട്ടയം ജില്ലാ വൈസ് പ്രസിഡന്റും പ്രദേശിക മാധ്യമ പ്രവർത്തകനുമായ ബെയ്ലോൺ എബ്രാഹം തനിക്ക് ലഭിച്ച വിവരങ്ങൾ പോലീസ് – എക്സൈസ് ഉന്നത ഉദ്യോഗസ്ഥർക്ക് രഹസ്യമായി കൈമാറിയിരുന്നു. ഇതനുസരിച്ച് ലഹരി മാഫിയ സംഘങ്ങളെ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ഇത് സംബന്ധിച്ചുള്ള അന്വേഷണമെത്തി നിന്നത് അരീക്കര പാറത്തോട് ഭാഗത്ത് നെടുമറ്റത്തില്‍ എൻ.എസ് സുരേന്ദ്രന്റെ ഭാര്യയുടെ പേരിലുള്ള സ്കൂട്ടർ ഉപയോഗിക്കുന്നവരെ ചുറ്റിപ്പറ്റിയായിരുന്നു. സ്കൂട്ടറിന്റെ രജിസ്റ്റേഴ്ഡ് ഉടമ നേരത്തെ മരിച്ചു പോയതാണ്. എന്നാല്‍ ഇപ്പോഴും ഇവരുടെ പേരില്‍ തന്നെയാണ് സ്കൂട്ടര്‍ ഉപയോഗിക്കുന്നത്. ഇത് ലഹരി മാഫിയ സംഘങ്ങള്‍ കച്ചവടത്തിന് വേണ്ടി ഉപയോഗിക്കുന്നുവെന്നാണ് പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്.
ഇപ്പോള്‍ വാഹനം കൈവശം വെച്ച് ഉപയോഗിക്കുന്ന എൻ. എസ് സുരേന്ദ്രനെ കുറവിലങ്ങാട് പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യുന്ന സമയത്ത് തന്നെ വിവരം ലഭിച്ച ഉറവിടം പോലീസ് ഉദ്യോഗസ്ഥൻ ഇവരോട് പറയുകയുണ്ടായി. ഇതിനെ തുടര്‍ന്നാണ് നിരന്തരമായ വധഭീഷണിയും കൊലവിളിയുമായി ലഹരി മാഫിയ സംഘം ബെയ്ലോൺ എബ്രാഹിമിനെതിരെ തിരിഞ്ഞത്. പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ രഹസ്യവിവരങ്ങൾ ചോർന്നതിനെക്കുറിച്ച് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ബെയ്ലോൺ എബ്രാഹം കേരള മുഖ്യമന്ത്രി, ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവർക്ക് പരാതി നൽകി. തുടർന്ന് സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഈ ഘട്ടത്തിലും ഉന്നത പോലീസ് ഉദ്യോഗസ്ഥർ എൻ.എസ് സുരേന്ദ്രനെ വിളിച്ച് ചോദ്യം ചെയ്തു. വീണ്ടും വധഭീഷണിയും അസഭ്യവർഷവുമായി സുരേന്ദ്രന്‍ ഇറങ്ങി. ഇത് സംബന്ധിച്ച് കോട്ടയം ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി നൽകിയിട്ടും എൻ.എസ് സുരേന്ദ്രന്റെ ഭാഗത്ത് നിന്നുമുള്ള ഭീഷണി നേരിടുന്നുവെന്ന് ബെയ്ലോൺ എബ്രാഹം ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചതായി പറഞ്ഞു.