തിരുവനന്തപുരം : സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയെ സഹപ്രവര്‍ത്തകന്‍ കൂടിയായ സംഘടനാ നേതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ വിവാദം. ഈ ഉദ്യോഗസ്ഥനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായാണ് ആരോപണം. പോലീസിലെ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സെക്രട്ടറിയേറ്റില്‍ ഉന്നത ഉദ്യോഗസ്ഥനാണ് ആരോപണ വിധേയന്‍ എന്നാണ് സൂചന. പരാതിക്കാരി കീഴ് ഉദ്യോഗസ്ഥയും. ഇതേ നേതാവിനെതിരെ 2 വര്‍ഷം മുന്‍പും സ്ത്രീപീഡനവുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്കു പരാതി ലഭിച്ചെങ്കിലും, സംഘടനാ നേതാക്കള്‍ ഇടപെട്ട് പ്രശ്നം ഒതുക്കി.
അതേസമയം, ഉദ്യോഗസ്ഥനെ മനഃപൂര്‍വം കേസില്‍ കുടുക്കാനാണ് വ്യാജ പരാതി ഉന്നയിച്ചതെന്നാണ് സംഘടനയുടെ പ്രതികരണം. കേസ് അട്ടിമറിക്കാന്‍ ശ്രമം സജീവമാണ്. സംഭവം അറിഞ്ഞതോടെ സ്പെഷ്യല്‍ ബ്രാഞ്ച് വിഷയത്തില്‍ ഇടപെട്ടു. ഇന്റലിജന്‍സ് ഉന്നതനു വിവരം കൈമാറി. ഇത് മുഖ്യമന്ത്രിയുടെ ഓഫിസിനെ ധരിപ്പിച്ചെന്നാണ് അറിയുന്നത്. ഉദ്യോഗസ്ഥ രണ്ടു ദിവസം മുന്‍പാണ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന് പരാതി നല്‍കിയത്. ജോലിക്കിടെ അടുത്തെത്തിയ നേതാവ് അപമര്യാദയായി പെരുമാറിയെന്നാണു പരാതി. സംഭവത്തെക്കുറിച്ച് സെക്രട്ടേറിയറ്റില്‍ ഊമക്കത്തും പ്രചരിച്ചു. ആരോപണവിധേയനായ നേതാവിനും കത്തു ലഭിച്ചു.
ഈ കത്ത് പുറത്തായതോടെ സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് പ്രാഥമികമായി കൈമാറി. പരാതി പോലീസിനു കൈമാറിയിട്ടില്ല. പരാതി ലഭിച്ചാലുടന്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് കന്റോണ്‍മെന്റ് പോലീസിനു ലഭിച്ച നിര്‍ദ്ദേശം. അതിനിടെ, സംഭവം ഒതുക്കിത്തീര്‍ക്കാന്‍ നീക്കം തുടങ്ങി. പരാതിയുമായി മുന്നോട്ടു പോകരുതെന്ന് ഉദ്യോഗസ്ഥയോട് ചിലര്‍ ആവശ്യപ്പെട്ടു. ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ഉദ്യോഗസ്ഥ തയാറായില്ല.