തിരുവല്ല : തിരുവല്ല സിപിഎമ്മിൽ വിഭാഗീയത രൂക്ഷം. ലോക്കൽ, ഏരിയ കമ്മിറ്റികൾ രണ്ടുതട്ടിൽ ആയതോടെ ലോക്കൽ സമ്മേളനം ഇത് വരെ നടത്താനായിട്ടില്ല. നേരത്തെ ചേർന്ന സമ്മേളനം പൂർത്തിയാക്കാനാവാതെ പിരിഞ്ഞിരുന്നു. പ്രവർത്തന റിപ്പോർട്ടിലെ പാരമർശങ്ങൾ വിവാദമാകുമെന്ന് ബോധ്യപ്പെട്ടപ്പോൾ സമ്മേളനം നിർത്തിവെയ്ക്കുകയായിരുന്നു. തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിൽ രൂക്ഷമായ വിമർശനങ്ങളായിരുന്നു അടങ്ങിയിരുന്നത്. നവംബർ 13നാണ് ലോക്കൽ സമ്മേളനം നടന്നത്. മുൻ തിരുവല്ല ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി ആൻ്റണി ഉൾപ്പെടെ ചില നേതാക്കൾ പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിച്ചുവെന്ന പരാമർശം റിപ്പോർട്ടിലുണ്ടായിരുന്നു. പ്രതിനിധികൾക്ക് കൈമാറിയ റിപ്പോർട്ട് പിന്നീട് വിവാദമായതോടെ തിരിച്ചു വാങ്ങുകയായിരുന്നു.
പീഡനക്കേസ് പ്രതി സജിമോനെ മുതിർന്ന നേതാക്കൾ സംരക്ഷിക്കുന്നതായും പ്രവർത്തന റിപ്പോർട്ടിൽ വിമർശനമുണ്ട്. പാർട്ടി ഏരിയാ കമ്മിറ്റി ലോക്കൽ കമ്മിറ്റിക്ക് സഹായം ചെയ്യുന്നില്ല എന്നും സജിമോനെ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആക്കാത്തതിൽ ഏരിയ കമ്മിറ്റിക്ക് വിരോധമെന്നും റിപ്പോർട്ടിലുണ്ട്. ലോക്കൽ കമ്മിറ്റിക്ക് ഇതിനോട് കടുത്ത വിയോജിപ്പാണുള്ളത്. സംസ്ഥാന കമ്മിറ്റിയുടെ നിലപാട് തന്നെയാണ് സജിമോന്റെ കാര്യത്തിൽ ലോക്കൽ കമ്മിറ്റിക്കും ഉള്ളതെന്നും റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. പതിമൂന്നാം തീയതി നിർത്തിവെച്ച ലോക്കൽ സമ്മേളനം ഇത് വരെ നടത്താനായിട്ടില്ല.