കോട്ടയം: ലൈസന്‍സ് പുതുക്കാനായി എത്തിച്ച തോക്ക് താലൂക്ക് ഓഫീസ് വരാന്തയില്‍ വെച്ച് ഉടമയുടെ കൈയ്യിലിരുന്ന് പൊട്ടി. വെടിയുണ്ടയുടെ ദിശ മാറിയതിനാല്‍ സെക്ഷന്‍ ക്ലാര്‍ക്ക് അദ്ഭുതകരമായി രക്ഷപ്പെട്ടു. താലൂക്ക് ഓഫീസില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. തെള്ളകം മാടപ്പാട്ട് ബോബന്‍ തോമസിന്റെ കൈവശമിരുന്ന തോക്കാണ് പൊട്ടിയത്. സെക്ഷന്‍ ക്ലര്‍ക്ക് അനീഷാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്.
ലൈസന്‍സ് പുതുക്കുന്നതിന്റെ ഭാഗമായി തഹസീല്‍ദാരുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ എത്തിയപ്പോഴാണ് തോക്ക് അബദ്ധത്തില്‍ പൊട്ടിയത്. ഉടമ എത്തിയപ്പോള്‍ തഹസീല്‍ദാര്‍ മറ്റൊരു യോഗത്തിലായിരുന്നു. യോഗം അവസാനിച്ചയുടന്‍ തോക്കുമായി എത്തിയ ആളെ വിളിക്കാന്‍ തഹസീല്‍ദാര്‍ സെക്ഷന്‍ ക്ലര്‍ക്കിനോട് നിര്‍ദ്ദേശിച്ചു. ക്ലാര്‍ക്ക് ബോബനൊപ്പം തഹസീല്‍ദാരുടെ കാബിനിലേക്ക് നടക്കുന്നതിനിടെയാണ് തോക്ക് പൊട്ടിയത്.
വെടിയുണ്ട സമീപത്തെ തൂണിലേക്ക് ഇടിച്ച് തെറിച്ചു. ശബ്ദം കേട്ട് തഹസീല്‍ദാരും മറ്റ് ജീവനക്കാരും ഓടിയെത്തി. തുടര്‍ന്നാണ് അബദ്ധത്തില്‍ പൊട്ടിയതാണെന്നു മനസിലായത്. സംഭവത്തില്‍ തഹസീല്‍ദാരുടെ നിര്‍ദ്ദേശപ്രകാരം പോലീസ് കേസെടുത്തു. വെടിയുണ്ട ഇല്ലാതെയാണ് തോക്ക് പരിശോധനയ്ക്ക് കൊണ്ടുവരേണ്ടതെന്ന ചട്ടം ഉടമ ലംഘിച്ചെന്നും തോക്ക് ഉപയോഗിക്കാന്‍ യോഗ്യനല്ലെന്നും തഹസീല്‍ദാര്‍ വ്യക്തമാക്കി.