തൊടുപുഴ : തൊടുപുഴയിലെ കോവിഡ് ക്വാറന്റീൻ കേന്ദ്രത്തിൽ സുരക്ഷാ വീഴ്ച. നിരീക്ഷണത്തിന് പുറമേയുള്ളവർക്കും ക്വാറന്‍റീൻ കേന്ദ്രത്തിൽ താമസസൗകര്യം ഒരുക്കി. ലോഡ്ജ് ഉടമയടക്കം മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു. ലോഡ്ജ് ഉടമ ക്വാറന്‍റീൻ കേന്ദ്രം അനാശാസ്യത്തിന് ഉപയോഗിക്കുകയായിരുന്നു എന്നാണ് ആരോപണം ഉയരുന്നത്.
പതിനഞ്ചോളം പേർ കോവിഡ് നിരീക്ഷണത്തിൽ കഴിയുന്ന തൊടുപുഴ ചുങ്കത്തെ വട്ടക്കളം ടൂറിസ്റ്റ് ഹോമിലായിരുന്നു കോവിഡ് നിയമലംഘനം നടന്നത്. വട്ടക്കളം ടൂറിസ്റ്റ് ഹോമിലെ 15 മുറികളിലാണ് ക്വാറന്‍റീൻ സംവിധാനം ഒരുക്കിയിരിക്കുന്നത്. മൂന്ന് മുറികൾ ഓഫീസ് ആവശ്യത്തിനാണെന്ന് പറഞ്ഞ് ലോഡ്ജ് ഉടമ മാർട്ടിൻ ജില്ലാഭരണകൂടത്തിന് കൈമാറിയിട്ടില്ല. ഈ മുറികളിലാണ് അനധികൃത താമസസൗകര്യം ഒരുക്കിയത്. ഈ മുറികളിലേക്ക് മുൻവശത്ത് കൂടിയല്ലാതെ സമീപത്തെ വഴിയിലെ ഗെയ്റ്റ് തുറന്ന് പ്രവേശിക്കാം. ഈ സൗകര്യം ഉപയോഗിച്ച് ഈ മുറികളിലേക്ക് രാത്രിയും ആളുകൾ എത്തിയിരുന്നെന്ന് ആരോപണമുണ്ട്.
ആരോഗ്യവകുപ്പിനാണ് സുരക്ഷാ വീഴ്ച സംബന്ധിച്ച വോളണ്ടിയർമ്മാർ പരാതി നൽകിയത്. തുടർന്ന് ആരോഗ്യവകുപ്പ് പോലീസിന് പരാതി കൈമാറുകയായിരുന്നു. പരാതിയിൽ വട്ടക്കളം ടൂറിസ്റ്റ് ഹോം ഉടമ മാർട്ടിൻ, ആവോലി സ്വദേശി സുരേഷ്, കോതമംഗലം സ്വദേശിനി സുഹ്റ എന്നിവർക്കെതിരെ കേസെടുത്തെന്ന് തൊടുപുഴ പോലീസ് അറിയിച്ചു.