ന്യൂഡല്‍ഹി : നോര്‍ത്ത് ഡല്‍ഹിയിലെ വസീറാബാദില്‍ പണവുമായി എ.ടി.എമ്മിലേക്ക് പോയ സെക്യൂരിറ്റി ജീവനക്കാരനെ വെടിവെച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. 55 കാരനായ ജയ് സിംഗ് ആണ് കൊല്ലപ്പെട്ടത്. ഡല്‍ഹിയിലെ ജഗത്പുര്‍ മേല്‍പ്പാലത്തിന് സമീപം ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. വെടിയേറ്റ ജയ് സിംഗിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമി പത്ത് ലക്ഷം രൂപ കവര്‍ന്നു.
ഐസിഐസിഐ ബാങ്കിന്റെ എടിഎമ്മില്‍ പണം നിറയ്ക്കാന്‍ വാന്‍ നിര്‍ത്തിയപ്പോഴായിരുന്നു ആക്രമണം. പിന്നില്‍ നിന്നെത്തിയ അക്രമി സെക്യൂരിറ്റി ജീവനക്കാരനെ വെടിവെച്ച് പണം അപഹരിച്ചതായി ഡെപ്യൂട്ടി കമ്മീഷണര്‍ സാഗര്‍ സിംഗ് കല്‍സി വിശദീകരിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസി ടിവി കാമറകള്‍ പരിശോധിച്ച് അക്രമിയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്ന് അധികൃതര്‍ വ്യക്തമാക്കി.