റാന്നി: റാന്നി ടൗണിൽ വേഗത കുറക്കുന്നതിന് പതിച്ച റിംമ്പിൾ സ്പ്രിപ് അടക്കമുള്ള സുരക്ഷാ വരകള്‍ നോക്കുകുത്തിയാകുന്നു. അമിതവേഗതയിൽ ഓടിയെത്തുന്ന ഇരുചക്ര വാഹനങ്ങൾ അടക്കം സീബ്രാലൈനിൽ പോലും മിന്നും വേഗത്തിലാണ് പായുന്നത്. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഗതാഗത ക്രമീകരണത്തിനും റോഡുകൾ സംഗമിക്കുന്ന ജംഗ്ഷനുകളിലും വാഹനങ്ങളുടെ വേഗത ക്രമീകരിക്കാനാണ് മഞ്ഞലൈൻ വരച്ച് സ്ട്രിപ് പതിച്ചത്. ഇതാണ് ഇപ്പോൾ നോക്കുകുത്തിയായി മാറിയത്.
സംസ്ഥാന പാതയിൽ അപകടങ്ങളുടെ എണ്ണം വർദ്ധിക്കുന്നത് പരിഹരിക്കാനാണ് ക്രമീകരണം ചെയ്തത്. കഴിഞ്ഞ ദിവസമാണ് റാന്നിയിൽ ട്രാഫിക് ക്രമീകരണം നടത്തിയത്. റോഡിൻ്റെ നിർമ്മാണം പൂർത്തിയാകുന്നതിനനുസരിച്ച് സുരക്ഷാ ക്രമീകരണങ്ങൾ ഫലവത്തായ തരത്തിൽ പൂർത്തീകരികരിച്ചില്ലെങ്കിൽ അപകടത്തിൻ്റെ എണ്ണം വർദ്ധിക്കുവാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ. ദിനം പ്രതിയുണ്ടാകുന്ന അപകടങ്ങളിൽ പലതും കാഠിന്യം കുറവുള്ളതിനാലാണ് പല അപകടങ്ങളുടെയും വിവരം പുറത്തു വരാത്തത്.
ഉന്നത നിലവാരത്തിൽ പണി പൂർത്തിയായ റോഡിൽ അമിതവേഗത്തിൽ എത്തുന്ന കാറുകളും ഇരുചക്രവാഹന യാത്രികരുമാണ് അപകടത്തിൽപ്പെടുന്നത്. പലരുടേയും ജീവൻ നഷ്ടപ്പെടുന്നതു ഒഴിവാക്കാൻ തിരക്കേറിയതും അപകട സാധ്യതയുള്ളതുമായ ഉതിമൂട്, ബ്ലോക്കുപടി, പെരുമ്പുഴ ബസ് സ്റ്റാൻ് മുൻവശം, ചെത്തോങ്കര, മന്ദമരുതി, പ്ലാച്ചേരി തുടങ്ങിയ ജംഗ്ഷനുകളിലാണ് കാര്യമായ സുരക്ഷ വേണ്ടത്. ഉന്നത നിലവാരത്തിൽ റോഡ് നിർമ്മാണം പൂർത്തിയാകുന്നതനുസരിച്ച് സുരക്ഷാ ബോർഡുകളും നിശ്ചിത ദൂരത്തിൽ ഹമ്പുകളും സ്ഥാപിച്ച് മാർക്കു ചെയ്തിരുന്നങ്കിൽ പല അപകടങ്ങളും ഇനിയും ഒഴുവാക്കാനാകുമെന്നാണ് നാട്ടുകാർ പറയുന്നത്. റോഡ് പൂർത്തിയായതോടെ ചില സ്ഥലങ്ങളിൽ മാത്രം സൂചന ബോർഡ് വന്നത് ഒഴിച്ചാൽ പിന്നെ റിംമ്പിൾ സ്ട്രിപ്പ് പതിച്ച വരകളിൽ സുരക്ഷാ സൂചനനല്കിയിരുന്നു.
അമിതവേഗതയിൽ എത്തുന്ന വാഹനങ്ങൾക്ക് നിലവിൽ പതിച്ച റിംമ്പിൾ സ്ട്രിപ്പ് യാതൊരു തടസവും ഇല്ലാത്തതിനാൽ ബ്രേക്കും പോലും ചെയ്യാതെ വരുന്ന വേഗതയിൽ വാഹനങ്ങള്‍ കടന്നു പോകുകയാണ്. എന്നാൽ ഗ്രാമാന്തരീക്ഷത്തിൽ വാഹനങ്ങൾ ഓടിക്കുന്നവർക്ക് ഈ വരകൾ എന്തെന്നു പോലും അറിയാത്തതും അറിയാവുന്നവര്‍ ഗൗനിക്കാതെ പോകുന്നതുമാണ് പല അപകടങ്ങൾക്കും കാരണമാകുന്നത്. കൂടാതെ റോഡിൽ പല സ്ഥലത്തും സീബ്രാലൈൻ ഉണ്ടെങ്കിലും സാധാരണ ഒരു വാഹനവും വേഗതക്കു കുറവുവരുത്താത്തത് കാരണം യാത്രക്കാർ ഓടി രക്ഷപെടുന്ന കാഴ്ചയാണ് കാണാനാവുന്നത്.
സംസ്ഥാന പാത നിർമ്മാണം പൂർത്തിയാകുന്നതിനും മുൻപേ റോഡിൻ്റെ ഇരുവശങ്ങളിലും വാഹന പാർക്കിംങ്ങ് കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞിരുന്നു.ചെറിയ കാറുകൾ മുതൽ ടോറസ് ലോറി വരെയാണ് റോഡിൻ്റെ ഇരുവശങ്ങളിലും ഇത്തരത്തിര്‍ പാർക്കു ചെയ്യുന്നത്.ഇതിനെതിരെ നിരവധി പരാതി ഉണ്ടായിട്ടും ഇതുവരെ,അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലന്നാണ് നാട്ടുകാരുടെ ആക്ഷേപം