തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാര്‍ രോഗിയുടെ കൂട്ടിരിപ്പുകാരനെ മര്‍ദിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി. കൂട്ടിരുപ്പുകാരന്റെ പരാതിയിന്മേല്‍ അന്വേഷിച്ച് അടിയന്തര നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കിഴുവിലം സ്വദേശി അരുണ്‍കുമാറിനാണ് മര്‍ദ്ദനമേറ്റത്. പാസില്ലാതെ വാര്‍ഡില്‍ കയറാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാര്‍ വളഞ്ഞിട്ട് ആക്രമിച്ചത്. ഇന്ന് രാവിലെ 11 നായിരുന്നു സംഭവം.
അരുണ്‍കുമാറിന്റെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തു. അരുണിനെ മര്‍ദ്ദിക്കുന്നതിന്റെയും നിലവിളിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു. ഈ സാഹചര്യത്തിലാണ് മന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. ആശുപത്രിയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ച അരുണിനെ തടയുകയായിരുന്നു എന്നാണ് സെക്യൂരിറ്റി നൽകുന്ന വിശദീകരണം.