പത്തനംതിട്ട : സഹകരണ മേഖലയിലെ സി.പി.എം അപ്രമാദിത്വം കൊടിയ അഴിമതിയ്ക്ക് വഴിവെച്ചിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് പറഞ്ഞു. സി.പി.എം നിയന്ത്രണത്തിലുള്ള സര്‍വ്വീസ് സഹകരണ ബാങ്കിലെ അഴിമതിയുടെ ഒരു വിഹിതം സി.പി.എമ്മിന് ലഭിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് സി.പി.എം ജില്ലാ നേതൃത്വം മൗനം പാലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സീതത്തോട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ ചട്ടം ലംഘിച്ച് കോന്നി എം.എല്‍.എ യുടെ ഭാര്യക്ക് ജൂനിയര്‍ ക്ലാര്‍ക്കായി പ്രമോഷന്‍ നല്‍കി. പരാതി സഹകരണ വകുപ്പിനു നല്‍കിയിട്ടും എം.എല്‍.എ യുടെ സ്വാധീനത്താല്‍ അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്. സംഘത്തില്‍ ഓഡിറ്റിംഗിന് എത്തുന്ന സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഫയല്‍ നല്‍കുന്നില്ലെന്നുമാത്രമല്ല ഭീഷണിപ്പെടുത്തി കയ്യേറ്റം ചെയ്യുവാനും ശ്രമിക്കുകയാണ്. സഹകരണ മേഘലയില്‍ സി.പി.എം ഗുണ്ടാരാജാണ് കോന്നി എം.എല്‍.എ നടപ്പാക്കിയിരിക്കുന്നന്നത്. കോന്നി എം.എല്‍.എ യുടെ ഭാര്യ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് കള്ള സത്യാവാങ്മൂലമാണ് നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നുകഴിഞ്ഞു. പരാതി ഇല്ലാതെ തന്നെ പോലീസിനു കേസെടുത്ത് അന്വേഷിക്കാവുന്ന കുറ്റകൃത്യങ്ങള്‍ കോന്നി എം.എല്‍.എ യുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടും പോലീസ് മൗനം പാലിക്കുകയാണ് .
ജില്ലയിലെ സഹകരണ മേഖലയില്‍ സി.പി.എം നടത്തുന്ന ഗുണ്ടാ രാജിനെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ശക്തമായ സമരപരിപാടികള്‍ ആവിഷ്കരിക്കുമെന്നും ബാബു ജോര്‍ജ്ജ് പറഞ്ഞു. സീതത്തോട് സര്‍വ്വീസ് സഹകരണ ബാങ്കിലെ ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്ന പ്രസാദ് എന്ന ജീവനക്കാരനെ കഴിഞ്ഞദിവസം അബോധാവസ്ഥയില്‍ കണ്ടെത്തിയിരുന്നു. ഇയാളെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതൊരു വാഹന അപകടമാക്കാന്‍ പോലീസ് ശ്രമിക്കുന്നുവെങ്കിലും സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് ആരോപിച്ചു.