ചെന്നൈ: ബന്ധുക്കള്‍ ജീവനോടെ മണിക്കൂറുകളോളം ഫ്രീസറില്‍ കിടത്തിയ വയോധികന്‍ മരിച്ചു. തമിഴ്നാട്ടിലെ സേലം ശൂരമംഗലം കന്തംപട്ടിയില്‍ എട്ടു മണിക്കൂറോളം ഫ്രീസറില്‍ കിടന്നതിനുശേഷം കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബാലസുബ്രഹ്മണ്യ കുമാര്‍ (74) ആണ് മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഓള്‍ഡ് ഹൗസിങ് ബോര്‍ഡ് ഭാഗത്തു താമസിക്കുന്ന ബാലസുബ്രഹ്മണ്യ കുമാറിനെ ബന്ധുക്കള്‍ ജീവനോടെ മൃതദേഹം സൂക്ഷിക്കുന്ന ഫ്രീസറില്‍ മണിക്കൂറുകളോളം കിടത്തിയത്. ഫ്രീസറില്‍നിന്നു രക്ഷപ്പെടുത്തിയ ബാലാസുബ്രഹ്മണ്യത്തെ ചൊവ്വാഴ്ചയാണ് സേലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് അദ്ദേഹം വെള്ളിയാഴ്ച മരിച്ചതായി ഡോക്ടര്‍ അറിയിച്ചു. സംഭവത്തില്‍ ഇദ്ദേഹത്തിന്റെ സഹോദരനും സഹോദരിയുടെ മക്കള്‍ക്കുമെതിരെ കേസെടുത്തു.
ഇവര്‍ക്കു മനോദൗര്‍ബല്യമുള്ളതായി പോലീസ് അറിയിച്ചു. ബാലസുബ്രഹ്മണ്യ കുമാറും ബന്ധുക്കളും ഒരു വീട്ടിലായിരുന്നു താമസം. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്നു അദ്ദേഹത്തെ അടുത്തിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തിരികെ വീട്ടിലെത്തിച്ചെങ്കിലും കിടപ്പിലായി. പരിചരിക്കാന്‍ ആളില്ലാതായതോടെ സഹോദരന്‍ ഫ്രീസര്‍ വരുത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഫ്രീസറില്‍ കിടത്തിയശേഷം അയല്‍വാസികളോട് അദ്ദേഹം മരിച്ചതായി അറിയിച്ചു.
എട്ടു മണിക്കൂറോളം കഴിഞ്ഞു ബന്ധുക്കളും അയല്‍വാസികളും എത്തിയപ്പോള്‍ ഫ്രീസറിനുള്ളില്‍ അനക്കമുള്ളതായി തിരിച്ചറിഞ്ഞു. തുടര്‍ന്നു പോലീസിനെ അറിയിച്ചു. എന്നാല്‍, സഹോദരന്‍ ആരെയും വീട്ടിലേക്കു പ്രവേശിക്കാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് പോലീസ് ആംബുലന്‍സുമായി എത്തി ബാലസുബ്രഹ്മണ്യ കുമാറിനെ സേലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.