പന്തളം : തോട്ടക്കോണം ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പെൺകുട്ടികൾക്കായി സ്വയം പ്രതിരോധ പരിശീലനം ആരഭിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിന്റെ എല്ലാ തലത്തിലും തുല്യത ഉറപ്പുവരുത്തുക ഈ മേഖലയിലെ വിടവ് നികത്തുക എന്ന ലക്ഷ്യം മുൻനിർത്തി സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 4515 സ്കൂളുകളിലെ പെൺകുട്ടികൾക്കാണ് സ്വയം പ്രതിരോധ പരിശീലനം നല്കുന്നത്. എലമെന്ററി, സെക്കൻഡറി തലങ്ങളിൽ രണ്ടുഘട്ടങ്ങളിൽ ആയിട്ടാണ് പരിശീലനം സംഘടിപ്പിക്കുന്നത്. പെൺകുട്ടികളുടെ ശാരീരിക ക്ഷമത വർദ്ധിപ്പിക്കുക, ആയോധനകലയിൽ പ്രാവീണ്യം നേടാൻ പ്രാപ്തരാക്കുക, സ്വയം പ്രതിരോധശേഷി വർദ്ധിപ്പിക്കുക, ആത്മവിശ്വാസവും ആത്മാഭിമാനവും ഉള്ള ഒരു തലമുറയെ വാർത്തെടുക്കുക, പൊതുസമൂഹത്തിൽ സുരക്ഷിതമായി ഇടപെടാനും ജീവിക്കാനും ഉള്ള അവസരം സാധ്യമാക്കുക പ്രതികൂല സാഹചര്യങ്ങളെ സധൈര്യം നേരിടാനുള്ള കരുത്ത് ആർജിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
കരാട്ടെ പരിശീലനമാണ് ആദ്യ ഘട്ടത്തിൽ നല്കുന്നത്. തോട്ടക്കോണം ഗവഃ ഹയർ സെക്കണ്ടറി സ്കൂളിൽ പരിശീലന പരിപാടി പന്തളം നഗരസഭ കൗൺസിലർ കെ.ആർ.വിജയകുമാർ ഉദ്ഘാടനം ചെയ്തു .പി.ടി.എ പ്രസിഡണ്ട് എം.ജി.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. എസ് .എം.സി ചെയർമാൻ കെ.എച്ച്.ഷിജു, പത്തനംതിട്ട ജില്ലാ കരാട്ടെ അസോസിയേഷൻ സെക്രട്ടറി എൻ.ചന്ദ്രൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ടിൻ്റുദാസ്, സ്കൂൾ പ്രഥമാദ്ധ്യാപകൻ പി.ഉദയൻ, കാഞ്ചന ടീച്ചർ,സ്മിത എന്നിവര്‍ സംസാരിച്ചു. പത്തനംതിട്ട ജില്ലാ കരാട്ടെ അസോസിയേഷൻ സെക്രട്ടറി എൻ.ചന്ദ്രൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് വിദ്യാർത്ഥിനികളെ പരിശീലിപ്പിക്കുന്നത്.