ന്യൂഡല്‍ഹി : എന്‍.ആര്‍.ഐ മെഡിക്കല്‍ സീറ്റുകളിലെ ഫീസിന്‍റെ ഒരു വിഹിതം ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള വിദ്യാര്‍ത്ഥികളുടെ പഠനത്തിന് സര്‍ക്കാര്‍ ശേഖരിക്കുന്നതിനെതിരായ ഹൈക്കോടതി വിധി സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസ്സമ്മതിച്ചു. കേരള സര്‍ക്കാരിന്‍റെയും കെ.എം.സി.ടി മെഡിക്കല്‍ കോളേജിന്‍റെയും ഹര്‍ജികളില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. ഹര്‍ജികളില്‍ ഫെബ്രുവരിയില്‍ അന്തിമവാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ എന്‍.ആര്‍.ഐ സീറ്റുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് 20 ലക്ഷം രൂപയാണ് വാര്‍ഷിക ഫീസ് ആയി ഈടാക്കാന്‍ ഫീസ് നിര്‍ണ്ണയ സമിതി അനുമതി നല്‍കിയിരുന്നത്. ഇതില്‍ അഞ്ച് ലക്ഷം രൂപ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം ലഭിക്കുന്ന ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി വിനിയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്‍റെ അക്കൗണ്ടിലേക്ക് മാറ്റണം എന്നും ഫീസ് നിര്‍ണ്ണയ സമിതി ഉത്തരവിട്ടിരുന്നു.
എന്നാല്‍ ഫീസ് നിര്‍ണയ സമിതിക്ക് അത്തരം ഒരു ഉത്തരവ് ഇടാന്‍ കഴിയില്ല എന്ന് ഹൈക്കോടതി വിധിച്ചു. നിയമ നിര്‍മ്മാണം നടത്തുന്നത് വരെ എന്‍.ആര്‍.ഐ വിദ്യാത്ഥികളില്‍ നിന്ന് ഈടാക്കുന്ന അധിക തുക സര്‍ക്കാര്‍ ശേഖരിക്കരുതെന്നും ഹൈക്കോടതി വിധിച്ചു. ഹൈക്കോടതി വിധി ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള വിദ്യാര്‍ത്ഥികളുടെ മെഡിക്കല്‍ പഠനം മുടക്കുമെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയും, സ്റ്റാന്റിംഗ് കോണ്‍സല്‍ ജി പ്രകാശും വാദിച്ചു. ഇനാംധര്‍ കേസിലെ വിധി പ്രകാരം നിയമനിര്‍മ്മാണം ഉണ്ടാകുന്നത് വരെ എന്‍.ആര്‍.ഐ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കുന്ന ഫീസിന്‍റെ ഒരു വിഹിതം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാത്ഥികള്‍ക്കായി സര്‍ക്കാരിന് ശേഖരിക്കാമെന്നും ഇരുവരും വാദിച്ചു. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മെറിറ്റ് സീറ്റുകളിലും എന്‍.ആര്‍.ഐ സീറ്റുകളിലും രാജ്യത്ത് ഏറ്റവും കുറവ് ഫീസ് കേരളത്തിലാണെന്ന് കെ.എം.സി.ടി മെഡിക്കല്‍ മെഡിക്കല്‍ കോളേജ് സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.
അതിനാല്‍ എന്‍ ആര്‍ ഐ വിദ്യാര്‍ത്ഥികളില്‍ നിന്ന് 20 ലക്ഷം രൂപ വീതം ഈടാക്കാന്‍ കോളേജിനെ അനുവദിക്കണം, നേരത്തെ സര്‍ക്കാരിന് നല്‍കിയ അധിക ഫീസ് തങ്ങള്‍ക്ക് നല്‍കാന്‍ ഉത്തരവിടണം എന്നും കോളജിന് വേണ്ടി ഹാജര്‍ ആയ സീനിയര്‍ അഭിഭാഷകന്‍ കെ വി വിശ്വനാഥ് അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ എന്നിവര്‍ വാദിച്ചു.