തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനൊപ്പം വനിതാ പോലീസുകാര്‍ സെല്‍ഫിയെടുത്ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം. സ്വപ്‌നയ്‌ക്കൊപ്പം സെല്‍ഫി എടുത്ത തൃശൂര്‍ സിറ്റി പോലീസിലെ ആറു വനിതാ പോലീസുകാരെ കുറിച്ചാണ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. ഏത് സാഹചര്യത്തിലാണ് ഉദ്യോഗസ്ഥര്‍ സ്വപനയ്‌ക്കൊപ്പം സെല്‍ഫി എടുത്തതെന്ന് പരിശോധിക്കും. പോലീസുകാര്‍ക്ക് സ്വപ്‌നയുമായി അടുത്ത സൗഹൃദം ഉണ്ടോയെന്ന കാര്യവും പരിശോധിക്കും.
ഇവരുടെ ഫോണ്‍ രേഖകളും അന്വേഷണത്തിന്റെ പരിധിയിലുണ്ടെന്നാണ് വിവരം. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വനിതാ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വനിതാ പോലീസുകാര്‍ സ്വപ്നയ്‌ക്കൊപ്പം സെല്‍ഫി എടുത്തത്.
വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ സെല്‍ഫി എടുത്ത സംഭവം വന്‍ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ചികിത്സയില്‍ കഴിയുന്നതിനിടെ സ്വപ്ന ഫോണില്‍ ഉന്നതരുമായി ബന്ധപ്പെട്ടുവെന്നുള്ള വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ സെല്‍ഫി എടുത്ത വാര്‍ത്തയും പുറത്തു വന്നത്. അതേസമയം കൗതുകത്തിനാണ് സെല്‍ഫി എടുത്തതെന്നാണ് വനിതാ പോലീസ് നല്‍കുന്ന വിശദീകരണം.