നിലമ്പൂര്‍ : മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ പശു ഫാമിന്റെ മറവില്‍ എം.ഡി.എം.എ മയക്കുമരുന്ന് വില്‍പന നടത്തിയ യുവാവിനെ പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടി. മമ്പാട് നടുവക്കാട് സ്വദേശി മധുരക്കറിയന്‍ അബൂബക്കറാണ് (37) പിടിയിലായത്. ഫാമില്‍ നിര്‍ത്തിയിട്ടിരുന്ന പ്രതിയുടെ കാറില്‍ സൂക്ഷിച്ച 3.5 ഗ്രാം എം.ഡി.എം.എ പോലീസ് പരിശോധനയില്‍ പിടിച്ചെടുത്തു. അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള പശു ഫാം കേന്ദ്രീകരിച്ച് ലഹരി വില്‍പനയും ഉപയോഗവും നടക്കുന്നതായി മലപ്പുറം ഡിവൈഎസ്പി പി.കെ. സന്തോഷിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഡിവൈഎസ്പിയുടെ നിര്‍ദ്ദേശാനുസരണം പശു ഫാമും പരിസരവും പോലീസ് നിരീക്ഷിച്ചു വരുകയായിരുന്നു. തുടര്‍ന്നാണ് നിലമ്പൂര്‍ ഇന്‍സ്പെക്ടര്‍ മനോജ് പറയറ്റയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രദേശത്തെ ലഹരികടത്ത് സംഘത്തെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്ന് നിലമ്പൂര്‍ എസ്എച്ച്ഒ മനോജ് പറഞ്ഞു. പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
പ്രതിക്ക് എംഡിഎംഎ ലഭിച്ചത് എവിടെ നിന്നാണെന്നും ആരൊക്കെയാണ് ഇടപാടുകാര്‍ എന്നതടക്കം അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി. എസ്.ഐ തോമസ് കുട്ടി ജോസഫ്, സി.പി.ഒമാരായ പ്രിന്‍സ്, അനസ്, അജയന്‍ എന്നിവരും ഡാന്‍സാഫ് അംഗങ്ങളായ എന്‍.പി. സുനില്‍, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.