തിരുവനന്തപുരം: അര്‍ധ അതിവേഗ തീവണ്ടിക്ക് നെടുമ്പാശ്ശേരിയിലും സ്റ്റേഷന്‍ അനുവദിച്ചു. കാക്കനാടിനെ കൂടാതെയാണ് നെടുമ്പാശേരിയിലും സ്റ്റേഷന്‍ അനുവദിച്ചത്. കഴിഞ്ഞ ദിവസം അംഗീകരിച്ച പദ്ധതി രേഖയിലാണ് കൊച്ചിയില്‍ മറ്റൊരു സ്റ്റേഷന്‍ കൂടി അനുവദിച്ചിരിക്കുന്നത്.
എന്നാല്‍ എല്ലാ വിമാനത്താവളങ്ങളേയും ഐടി പാര്‍ക്കുകളേയും ബന്ധിപ്പിച്ചാണ് അര്‍ധ അതിവേഗ പാത എന്ന സര്‍ക്കാരിന്റെ അവകാശവാദം തെറ്റാണെന്നും വിമര്‍ശനം ഉയരുന്നുണ്ട്. റെയില്‍പ്പാത ആരംഭിക്കുന്ന കൊച്ചുവേളിയില്‍ നിന്ന് അഞ്ച് കിമീ അകലെയാണ് തിരുവനന്തപുരം വിമാനത്താവളം. കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങളുമായും റെയില്‍പ്പാതക്ക് നേരിട്ട് ബന്ധമില്ല. മലബാറില്‍ നിന്നടക്കം രണ്ട് മണിക്കൂറിനുള്ളില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്താനാവുമെന്ന പ്രത്യേകതയുണ്ട്. കോഴിക്കോട് നിന്ന് ബസ് മാര്‍ഗം കരിപ്പൂരിലെത്താന്‍ ഒരു മണിക്കൂറിലേറെ വേണം. കണ്ണൂര്‍ നഗരത്തില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്താനും ഒരു മണിക്കൂര്‍ വേണം. നെടുമ്പാശേരിക്ക് ഇപ്പോള്‍ സ്‌റ്റോപ്പ് അനുവദിച്ചത് മറ്റ് താത്‌പര്യങ്ങള്‍ ഉള്ളത് കൊണ്ടാണെന്ന് ആരോപണം ഉയരുന്നുണ്ട്.