കോഴഞ്ചേരി : സിപിഎം ഭരിക്കുന്ന ബാങ്കിൽനിന്ന് എൽസി അംഗമായ സീനിയർ ക്ലർക്കിന് സസ്പെൻഷൻ. ദീർഘകാലമായി സിപിഎം നേതൃത്വം നൽകുന്ന അയിരൂർ വില്ലേജ് സർവീസ് സഹകരണ ബാങ്കിലെ സീനിയർ ക്ലർക്കും പാർട്ടി ലോക്കൽ കമ്മിറ്റിയംഗവുമായ സിബി തോമസിനെയാണ് ജോലിയിൽനിന്ന് സസ്‌പെൻഡുചെയ്തത്. 14 വർഷമായി ഈ ബാങ്കിലെ ജീവനക്കാരനായിരുന്നു സിബി. മുൻ ഭരണസമിതികളും നിലവിലെ ഭരണ സമിതിയും നടത്തുന്ന അഴിമതികൾ പുറം ലോകത്തിന് കാട്ടിക്കൊടുത്തതിന്റെ പ്രതികാര നടപടിയാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും സിബി തോമസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് സിബിക്കെതിരേ നടപടിയെടുത്തത്. 13-അംഗ ഭരണ സമിതിയിൽ എട്ടുപേർ പങ്കെടുത്തയോഗത്തിന്റേതാണ് തീരുമാനം. സീനിയർ ക്ളർക്ക് സിബി തോമസ് ജീവനക്കാരൻ എന്നനിലയിൽ പുലർത്തേണ്ട അച്ചടക്കവും ഉത്തരവാദിത്വവും പാലിക്കാതെ ബാങ്ക് ഭരണസമിതിയെ അപകീർത്തിപ്പെടുത്തുകയും മറ്റും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഡുചെയ്തതെന്ന് ബാങ്ക് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി അറിയിച്ചു. 13-അംഗ ഭരണസമിതിയിൽ 12 സിപിഎം അംഗങ്ങളും ഒരു കേരള കോൺഗ്രസ് (എം) അംഗവുമാണുള്ളത്.