പാലക്കാട്: മെഡിക്കൽ സർവ്വീസസ് കോർപ്പറേഷന്‍റെ കൊല്ലത്തെ സംഭരണ കേന്ദ്രത്തിലെ തീ പിടുത്തതിന് കാരണം കോർപ്പറേഷന്‍റെ ഗുരുതര അനാസ്ഥയെന്ന് ഫയർഫോഴ്സ് മേധാവിയുടെ റിപ്പോർട്ട്. 2022ലെ ഫയർ ഓഡിറ്റിൽ നൽകിയ നിർദ്ദേശങ്ങളൊന്നും നടപ്പാക്കാത്തതാണ് കാരണമെന്നാണ് റിപ്പോർട്ട്. സമാനമായ വീഴ്ച തുമ്പയിലും ഉണ്ടായതെന്നാണ് ഫയർഫോഴ്‍സിന്‍റെയും ഒപ്പം പോലീസിന്‍റെയും വിലയിരുത്തൽ.
ഒരാഴ്ചക്കിടെയുണ്ടായ രണ്ട് വൻ തീപിടുത്തങ്ങൾ. രണ്ടിലും മെഡിക്കൽ സർവ്വീസസ് കോർപ്പേറഷൻ പ്രതിക്കൂട്ടിലാണ്. കെഎംഎസ് സിഎലിൻ്റെ ഗുരുതര വീഴ്ച അക്കമിട്ട് നിരത്തിയാണ് ഫയർഫോഴ്സ് മേധാവി ബി സന്ധ്യയുടെ റിപ്പോർട്ട്. 2022ൽ സംഭരണകേന്ദ്രത്തിൽ ഫയർഫോഴ്സ് സുരക്ഷാ ഓഡിറ്റ് നടത്തിയിരുന്നു. വലിയ വീഴ്ചകൾ അന്ന് തന്നെ കണ്ടെത്തി മതിയായ സുരക്ഷ ഒരുക്കാൻ നിർദ്ദേശിച്ചിരുന്നു. ഒപ്പം നോട്ടീസും നൽകിയിരുന്നു. തീ പിടുത്തം ഉണ്ടായാൽ അണക്കാനുള്ള ഉപകരണങ്ങടക്കം കെഎംഎസ്‍സിഎൽ ഉറപ്പാക്കണമെന്നായിരുന്നു നിർദ്ദേശം. പക്ഷെ ഒന്നും നടപ്പാക്കിയില്ല. അതാണ് തീ പിടുത്തത്തിൻ്റെ കാരണമെന്നാണ് ഫയർഫോഴ്സ് മേധാവി സർക്കാറിന് നൽകിയ റിപ്പോർട്ട്.