കണ്ണൂര്‍: കണ്ണൂരിൽ 200 ലേറെ കുടിയേറ്റ തൊഴിലാളികൾ 10 കിലോമീറ്ററില്‍ അധികം പാളത്തിലൂടെ നടന്ന സംഭവത്തിൽ പോലീസിന്റെത് ഗുരുതരമായ സുരക്ഷാ വീഴ്‍ച. ഉത്തരേന്ത്യയിലേതിന് സമാനമായി കണ്ണൂരിൽ നടന്ന സംഭവം പോലീസ് അറിയുന്നത് തൊഴിലാളികൾ സ്റ്റേഷനിൽ എത്തിയതിന് ശേഷം മാത്രമാണ്. വീഴ്ചയുണ്ടായതിൽ ജില്ലാ പോലീസ് മേധാവി പരിശോധന നടത്തുന്നുണ്ട്.
കഴിഞ്ഞ രണ്ടാഴ്ചയായി കണ്ണൂരിൽ തൊഴിലാളികൾ കളക്ടറേറ്റിലും ലേബർ ഓഫീസിലും വന്ന് ട്രെയിൻ ഉണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. ചിലയിടങ്ങളിൽ ഭക്ഷണം ഇല്ല എന്ന പരാതിയും പറയുന്നു. പ്രശ്നം പരിഹരിക്കാൻ ജില്ലാ ഭരണകൂടം പരാജയപ്പെട്ടതാണ് തൊഴിലാളികൾ കൂട്ടത്തോടെ ഇറങ്ങാൻ കാരണമായത്. കൊച്ചി പെരുമ്പാവൂരിലടക്കം ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് പോകണമെന്ന് ആവശ്യവുമായി രംഗത്തുണ്ട്. കോഴിക്കോട് പാറക്കടവിലും ബിഹാറിൽ നിന്നുള്ള തൊഴിലാളികൾ റോഡിലിറങ്ങി പോലീസുമായി വാക്കേറ്റമുണ്ടായി.
സംസ്ഥാനത്ത് പലയിടങ്ങളിലും തൊഴിലാളികൾ പ്രതിഷേധിക്കുന്നതോടെ നിരീക്ഷണം ശക്തമാക്കാനാണ് ഡിജിപി ലോക്നാഥ് ബെഹറ ഉത്തരവിട്ടിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ തൊഴിലാളി ക്യാമ്പുകളിലും ഡിവൈഎസ്പിമാര്‍ നേരിട്ടെത്തി നിരീക്ഷണം ശക്തമാക്കണമെന്ന് ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്. ഡിവൈഎസ്‍പി തലത്തിലുള്ള ഉദ്യോഗസ്ഥർ ക്യാമ്പുകളിലെത്തി സൗകര്യങ്ങൾ ഉറപ്പുവരുത്തണം. ട്രെയിൻ വൈകുന്ന സാഹചര്യം തൊഴിലാളികളെ ബോധ്യപ്പെടുണം. ഭക്ഷണം കിട്ടുന്നുണ്ടോ എന്നും പ്രതിഷേധിക്കാൻ സാധ്യതയുണ്ടോ എന്നും ഒന്നിടവിട്ട ദിവസങ്ങളിൽ അന്വേഷണം നടത്താൻ എല്ലാ സിഐമാർക്കും ഡിജിപി നിർദേശം നൽകി.