തിരുവനന്തപുരം : സംസ്ഥാനത്ത് ഭൂമി കൈമാറ്റ രജിസ്ട്രേഷന്‍ നാലുദിവസമായി പൂര്‍ണമായും നിലച്ചിരിക്കുകയാണ്. സെര്‍വര്‍ തകരാറാണ് രജിസ്ട്രേഷന്‍ സ്തംഭിക്കുന്നതിന് കാരണം. തിങ്കളാഴ്ച പരിഹാരമുണ്ടാകുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇതുവരെയും പരിഹാരം കണ്ടെത്താനായില്ല. ഭൂമി കൈമാറ്റ രജിസ്ട്രേഷന്‍, ഗഹാന്‍ രജിസ്ട്രേഷന്‍ എന്നിവ സ്തംഭിച്ചു. ബാധ്യത സര്‍ട്ടിഫിക്കറ്റിനും ആധാരങ്ങളുടെ സര്‍ട്ടിഫൈഡ് കോപ്പിക്കും അപേക്ഷ നല്‍കാന്‍പോലും കഴിയുന്നില്ല.
ഒരു മാസത്തിലേറെയായി തുടരുന്ന പ്രശ്നം നാലുദിവസം മുമ്പാണ് സങ്കീര്‍ണമായത്. സെര്‍വര്‍ തകരാര്‍ നിമിത്തം സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധനയും ആധാരങ്ങളുടെ രജിസ്ട്രേഷനും തടസ്സപ്പെട്ടു. ഭൂമി ഈട് വെച്ച് ബാങ്ക് വായ്പ എടുക്കേണ്ടവരും വായ്പ അടച്ചവര്‍ ബാധ്യത തീര്‍ക്കാനാകാതെയും പണം കൈമാറിയവര്‍ ഭൂമി കൈമാറ്റം രജിസ്റ്റര്‍ ചെയ്യാനാകാതെയും വലയുകയാണ്. സെര്‍വര്‍ തകരാര്‍ രൂക്ഷമായതോടെ ജില്ലകള്‍ തിരിച്ച് സമയം ക്രമീകരിച്ച് സംവിധാനം ഏര്‍പ്പെടുത്തിയാണ് കഴിഞ്ഞ ആഴ്ചകളില്‍ താല്‍ക്കാലിക പ്രശ്നപരിഹാരം ഉണ്ടാക്കിയത്. എങ്കിലും പലേടത്തും രജിസ്ട്രേഷന് എത്തിയവര്‍ക്ക് നിരാശരായി പോകേണ്ടിവന്നു.