കൊല്ലം : ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ ഒരു സെറ്റില്‍മെന്റ് ആക്ട് ഉണ്ടാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ഡിജിറ്റല്‍ റീ സര്‍വെ മൂന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം ചാത്തന്നൂരിലെ ചിറക്കരയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 1932ലാണ് കേരളത്തില്‍ അവസാനത്തെ സെറ്റില്‌മെന്റ് ഉണ്ടായത്. ഐക്യ കേരളം രൂപീകരിക്കപ്പെട്ടതിനുശേഷം ഒരു സെറ്റില്‍മെന്റ് ആക്ട് ഇല്ലാത്ത നാട് എന്ന തിരിച്ചറിവോടെ, ഇവിടത്തെ അവസാനത്തെ സെറ്റില്‍മെന്റും നടപ്പിലാക്കുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഡിജിറ്റല്‍ റീസര്‍വെ പൂര്‍ത്തിയാക്കി രേഖകള്‍ക്കപ്പുറം അധിക ഭൂമി കണ്ടെത്തിയാല്‍, തര്‍ക്കമില്ലെങ്കില്‍ ഉടമയ്ക്ക് അതിന് നികുതി അടയ്ക്കാനുള്ള സൗകര്യം പോലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 1970 ജനുവരി ഒന്നിന് അന്നത്തെ മുഖ്യമന്ത്രി സി അച്യുതമേനോന്‍ നടപ്പാക്കിയ ഭൂപരിഷ്‌കരണ നിയമം ലോകത്തിന് മാതൃകയായിരുന്നു. കേരളത്തിന്റെ രണ്ടാം ഭൂപരിഷ്‌കരണമായി ഡിജിറ്റല്‍ റീസര്‍വെ മാറുകയാണെന്ന് മന്ത്രി തുടര്‍ന്ന് പറഞ്ഞു. ഇന്ത്യയിലൊരിടത്തും ഇത്തരമൊരു സംവിധാനമില്ല. ലോകത്ത് തന്നെ മൂന്ന് രാജ്യങ്ങളില്‍ മാത്രമാണ് ഡിജിറ്റല്‍ സര്‍വെയുള്ളത്.
ഭൂരേഖകളുടെ കൃത്യത, സുതാര്യത, സുരക്ഷ എന്നിവ ഉറപ്പാക്കുകയും ജനങ്ങള്‍ക്ക് എളുപ്പത്തില്‍ സ്മാര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നതാണ് കേരളത്തിന്റെ ഡിജിറ്റല്‍ റീ സര്‍വെ. ഇന്ത്യയും ലോകവുമെല്ലാം കേരളത്തെ നോക്കി പഠിക്കുകയാണ്. ഈ പദ്ധതിയുടെ മാതൃക മനസിലാക്കി, ആന്ധ്രാപ്രദേശ്, പുതുച്ചേരി, തമിഴ്‌നാട്, അസം, ഒറിസ, ലക്ഷദ്വീപ് എന്നീ സംസ്ഥാനങ്ങളെല്ലാം കേരളത്തിലെ റവന്യൂ വകുപ്പിനെ സമീപിച്ചിട്ടുണ്ട്. നിലവില്‍ പുതുച്ചേരി സര്‍വെ ഡയറക്ടറുടെ നേതൃത്വത്തിലുള്ള 30 അംഗ ഉദ്യോഗസ്ഥ സംഘം തിരുവനന്തപുരത്ത് പരിശീലനം തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. രാജ്യത്ത് തന്നെ ലാന്‍ഡ് സര്‍വെ സൊലൂഷന്‍ പൂര്‍ണമായും ഐടി അധിഷ്ഠിതമായി തയ്യാറാക്കുവാന്‍ കേരളത്തിന് കഴിഞ്ഞു എന്നതും മാതൃകയാണ്.
ഒരാഴ്ചക്കാലം നീളുന്ന നാഷണല്‍ കോണ്‍ക്ലേവ് ഓണ്‍ ഡിജിറ്റല്‍ സര്‍വെ ആന്റ് ഇന്‍ഡഗ്രേറ്റഡ് പോര്‍ട്ടല്‍ തിരുവനന്തപുരത്ത് വച്ച് ഏപ്രില്‍ മാസത്തില്‍ നടത്തുകയാണ്. ഇതിനാല്‍ ബജറ്റില്‍ 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും റവന്യൂ, സര്‍വെ വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും വിദഗ്ധരും പങ്കെടുക്കുന്ന ഈ കോണ്‍ക്ലേവോടെ ലോകത്തിനും മുന്നേ നടക്കുന്ന നാടായി കേരളം മാറുമെന്നും റവന്യൂ മന്ത്രി പറഞ്ഞു. ചാത്തന്നൂര്‍ എംഎല്‍എ ജി എസ് ജയലാല്‍ അധ്യക്ഷതവഹിച്ചു. പി എസ് സുപാല്‍ എംഎല്‍എ, സര്‍വെ ഡയറക്ടര്‍ സീറാം സാംബശിവ റാവു, കൊല്ലം ജില്ലാ കളക്ടര്‍ ദേവീദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.