പത്തനംതിട്ട: ധനകാര്യ മന്ത്രി അവതരിപ്പിച്ച ബജറ്റ് ജീവനക്കാരെ സംബന്ധിച്ച് വെറും ജലരേഖയാണെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ( എസ്.ഇ.യു). എസ്.ഇ.യു പത്തനംതിട്ട ജില്ലാ കമ്മറ്റി സംസ്ഥാന ബജറ്റിലെ സർക്കാർ ജീവനക്കാരോടുള്ള അവഗണക്കെതിരെ സംഘടിപ്പിച്ച യോഗം സംസ്ഥാന പ്രസിഡന്റ് സിബി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജീവനക്കാരെ സംബന്ധിച്ചു മുൻ കാലങ്ങളിലെ പോലെ തന്നെ പ്രഖ്യാപനങ്ങൾ വെറും വാഗ്ദാനമായി മാത്രം അവശേഷിക്കുന്ന ബജറ്റാണ് ധനകാര്യ മന്ത്രി നിയമ സഭയിൽ അവതരിപ്പിച്ചത്. പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നതിനെ കുറിച്ച് ബജറ്റിൽ പ്രഖ്യാപനം ഉണ്ടായില്ല. പങ്കാളിത്ത പെൻഷൻ ജീവനക്കാരെ പാടെ അവഗണിച്ച ബജറ്റ് സർക്കാർ ജീവനക്കാർക്ക് യാതൊരു ഗുണവുമില്ലാത്ത നിരാശജനകമായതും വഞ്ചനാപരവുമാണ്.
ഏഴ് ഗഡു ക്ഷാമബത്ത (ഇരുപത്തിരണ്ട് ശതമാനം ) കുടിശ്ശികയിൽ ഒരു ഗഡു ഏപ്രിലിൽ അനുവദിച്ചാൽ പോലും പത്തൊൻപത് ശതമാനം ക്ഷാമബത്ത കുടിശ്ശികയുടെയും മുന്നേ അനുവദിച്ച ക്ഷാമബത്തയുടെ എൺപത് മാസത്തെ കുടിശ്ശിക കാര്യത്തിലും ധനമന്ത്രി ബജറ്റ് പ്രസംഗത്തിലെ കുറ്റകരമായ മൗനത്തിലൂടെ ജീവനക്കാരെ വഞ്ചിച്ചിരിക്കുകയാണ്. നാല് വർഷം മുമ്പ് പിഎഫിൽ ലയിപ്പിച്ചുവെന്നു പറയപ്പെടുന്ന ക്ഷാമബത്ത കുടിശ്ശികയുടെ ലോക്ക് ഇൻ പീരീഡ് പിൻവലിച്ചത് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞത് കണ്ണിൽ പൊടിയിടുന്നതായിപോയി. പതിനൊന്നാം ശമ്പള പരിഷ്കരണം കഴിഞ്ഞ് അഞ്ചു വർഷവും പന്ത്രണ്ടാം ശമ്പള പരിഷ്ക്കരണം നടപ്പിലാക്കേണ്ട സമയം കഴിഞ്ഞിട്ട് ഏഴ് മാസം പിന്നിടുമ്പോഴും മുൻ പരിഷ്കരണ കുടിശ്ശികയുടെ രണ്ടു ഗഡു കൈയ്യിൽ തരാതെ പിഎഫിൽ ലയിപ്പിക്കുമെന്നു ധനമന്ത്രി പറഞ്ഞത് യഥാർത്ഥത്തിൽ ക്രൂരതയാണ്.
ഇനിയും ശമ്പള കമ്മീഷനെ പോലും നിയമിക്കാതെ സർക്കാർ മുന്നോട്ട് പോകുന്നത് ജീവനക്കാരെ വെല്ലുവിളിക്കുന്നതിനു തുല്യമാണ്. ജീവനക്കാർക്കും അധ്യാപകർക്കും അറുപത്തയ്യായിരം കോടിയുടെ കുടിശ്ശിക ആനുകൂല്യങ്ങൾ നൽകാനുള്ളപ്പോൾ വാചകക്കസർത്ത് കൊണ്ട് ജീവനക്കാരുടെയും കുടുംബങ്ങളുടെയും വയർ നിറയില്ല എന്ന് മന്ത്രി മനസ്സിലാക്കണമെന്നും എസ്.ഇ.യു നേതാക്കൾ പറഞ്ഞു. ജില്ലാ പ്രസിഡണ്ട് ഹാഷിം ആർ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റേറ്റ് എംപ്ലോയിസ് യൂണിയൻ സംസ്ഥാന സെക്രട്ടറി പി.ജെ താഹ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ എസ്. ഷമീം, ജില്ലാ ജനറൽ സെക്രട്ടറി അജി. എ.എം, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി അംഗം മനോജ്.എസ്, ജില്ലാ ട്രഷറർ റജീന അൻസാരി, ജില്ലാ ഭാരവാഹികളായ നബീഖാൻ. എ ഷൺമുഖൻ. എസ്, സത്താർ ജെ നിസാം തുടങ്ങിയവർ പങ്കെടുത്തു.