ചെങ്ങന്നൂർ: സേവന തല്പരതയുടെ ആത്മാംശം തലമുറകളിലേക്കു പകർന്നുകൊണ്ടാണ് സേവാഭാരതി രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളിയാകുന്നതെന്ന് അഡ്വ. എൻ. ശങ്കർറാം പറഞ്ഞു. മുളക്കുഴയിൽ വിശ്വസേവാഭാരതി നിർമ്മിച്ച വീടിന്റെ താക്കോൽദാനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദാരിദ്ര നിർമ്മാർജ്ജനത്തിലൂടെ സാമൂഹ്യ നവോത്ഥാനം എന്ന ലക്ഷ്യത്തിലേയ്ക്ക് രാഷ്ട്രത്തെ എത്തിക്കുന്നത് ജീവകാരുണ്യ പ്രവർത്തനങ്ങളാണ്. സേവാഭാരതി രാജ്യത്ത് സന്നദ്ധസേവന മേഖലയിൽ നടപ്പിലാക്കിവരുന്ന പദ്ധതികൾ നിരവധിയാണ്. സമൂഹത്തിൽ വേദനിക്കുന്നവർക്ക് ആശ്വാസം പകർന്നു കൊണ്ട് നമുക്കുചുറ്റും നന്മയുടെ പ്രകാശം പരത്താൻ സേവാഭാരതിയുടെ ഇത്തരം പ്രവർത്തനങ്ങൾക്കു കഴിയുന്നു എന്നും അദ്ദേഹം പറഞ്ഞു.
പുനർജ്ജനി തലചായ്ക്കാനൊരിടം പദ്ധതി പ്രകാരം മുളക്കുഴയിൽ പണികഴിപ്പിച്ച വീടിന്റെ താക്കോൽദാനവും ഗൃഹപ്രവേശവും നടന്നു. മുളക്കുഴ കാവിന്റെകിഴക്കേതിൽ കെ. ആർ സുധാകുമാരിക്കാണ് സേവാഭാരതി വീട് നിർമ്മിച്ച് നൽകിയത്. ആർഎസ്എസ് സംസ്ഥാന പ്രചാരക് പ്രമുഖ് എ. എം കൃഷ്ണൻ സേവാ സന്ദേശം നൽകി. വിശ്വസേവാഭാരതി സെക്രട്ടറി ടി. ആർ രാജൻ, ശബരിഗിരി വിഭാഗ് പ്രചാരക് സി. വി ശ്രീനിഷ്, ജില്ലാ സേവാ പ്രമുഖ് എം. ആർ രാജേഷ്, ബിജെപി ജില്ലാ പ്രസിഡന്റ് എം. വി ഗോപകുമാർ, യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട്, മണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂർ, അനീഷ് മുളക്കുഴ, ഖണ്ഡ് സമ്പർക്ക പ്രമുഖ് എസ്. സുനിൽ, ആർ. അഭിലാഷ്, പി. എസ് ശരത്ത്, എസ്. അഭിജിത്ത്, വിനീത് എസ്. നമ്പൂതിരി എന്നിവർ ചടങ്ങുകളില്‍ പങ്കെടുത്തു.