ന്യൂഡൽഹി : എൽ നിനോ പ്രതിഭാസത്തിന്റെ ഫലമായി ഇന്ത്യയിൽ കടുത്ത വരൾച്ചാ ഭീഷണി നിലനിൽക്കുന്നതായി റിപ്പോർട്ട്. രാജ്യത്തിന്റെ പകുതിയിലേറെ ഭാഗങ്ങളെയും ഗുരുതരമായി ബാധിക്കുന്ന രീതിയിൽ വരൾച്ചാ സാഹചര്യം രൂപപ്പെട്ടിട്ടുണ്ടെന്നാണ് ഐഐടി ഗാന്ധിനഗർ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്തെ 52.5 ശതമാനത്തോളം പ്രദേശങ്ങളിലും നിലവിൽ വരൾച്ചാ സാഹചര്യമാണ് ഉള്ളത്. വരാനിരിക്കുന്ന മാസങ്ങളിൽ സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്നാണ് ലോക കാലാവസ്ഥാ സംഘടനയും മുന്നറിയിപ്പ് നൽകുന്നത്.
ഈ വർഷത്തെ മൺസൂൺ സീസണിൽ രാജ്യത്ത് ആവശ്യത്തിന് മഴ ലഭിച്ചിരുന്നില്ല. കണക്കുകൾ പ്രകാരം സാധാരണ ലഭിക്കേണ്ട മഴയിൽ 15 ശതമാനത്തോളമാണ് കുറവുണ്ടായിട്ടുള്ളത്. മഴക്കുറവിനൊപ്പം ഇടവിട്ടുണ്ടായ വരണ്ട കാലാവസ്ഥയും കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കി. പടിഞ്ഞാറൻ, തെക്കൻ ഇന്ത്യയിലെ പല സംസ്ഥാനങ്ങളും കടുത്ത മഴക്കുറവാണ് നേരിട്ടത്. ഇത് രാജ്യത്തെ ജലസ്രോതസ്സുകളെയും ജലനിരപ്പിനെയും സാരമായി ബാധിച്ചിട്ടുണ്ട്.
മഴക്കുറവ് ഏറ്റവും കൂടുതൽ തിരിച്ചടിയായിരിക്കുന്നത് കാർഷിക മേഖലയ്ക്കാണ്.
ലഭ്യത കുറഞ്ഞത് കാരണം നെല്ല് ഉൾപ്പെടെയുള്ള പ്രധാന വിളകളുടെ കൃഷി വ്യാപ്തിയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ ഭൂരിഭാഗം കൃഷിയിടങ്ങളും മഴയെ മാത്രം ആശ്രയിച്ചു കഴിയുന്നതിനാൽ കാർഷികോത്പാദനത്തിൽ വൻ കുറവുണ്ടാകാൻ സാധ്യതയുണ്ട്. കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനങ്ങളെ ഇത് ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
ഉൽപ്പാദനത്തിലുണ്ടാകുന്ന ഇടിവും ആഗോള വിപണിയിലെ തടസ്സങ്ങളും കാരണം ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. 2015-16 കാലഘട്ടത്തേക്കാൾ രൂക്ഷമായ പ്രതിസന്ധിയാണ് വരാനിരിക്കുന്ന ദിവസങ്ങളിൽ രാജ്യത്തെ കാത്തിരിക്കുന്നത്. ഈ സാഹചര്യത്തെ നേരിടാൻ കൃഷിയിടങ്ങളിൽ കൃത്യമായ ജലസംരക്ഷണ മാർഗങ്ങളും മുൻകരുതലുകളും സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.
































