കൊച്ചി : ഐടി വികസനം കേരളത്തിന്റെ ഗതി മാറ്റുമെന്നും ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ ലഭ്യമാകുമെന്നും കണക്കുകൂട്ടി ആരംഭിച്ച പദ്ധതിയായിരുന്നു കൊച്ചി സ്‌മാര്‍ട് സിറ്റി. എല്‍ഡിഎഫും യുഡിഎഫും അധികാരത്തിലേറിയപ്പോള്‍ മാറിമാറി ചര്‍ച്ച ചെയ്‌ത ഒരു പദ്ധതികൂടിയാണ് ഇത്. ലോകം കേരളത്തിലേയ്‌ക്ക് ഒഴുകിയെത്തുമെന്ന മോഹവുമായി തുടങ്ങിയ പദ്ധതി. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് പങ്കാളിത്തമുണ്ടായിട്ടും ഒട്ടും സ്‌മാര്‍ട്ടാകാത്ത പദ്ധതിയായി കൊച്ചി സ്‌മാര്‍ട് സിറ്റി പദ്ധതി മാറിയിരിക്കുകയാണ്.
2011ല്‍ അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ധാരണാപത്രത്തില്‍ ഒപ്പുവെക്കുമ്പോള്‍ 10 വര്‍ഷത്തിനുള്ളില്‍ 90,000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന വന്‍ ഐടി, ഐടിഇഎസ് ക്യാമ്പസായി സ്‌മാര്‍ട് സിറ്റി മാറുമെന്ന ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ നാളിതുവരെയും നിര്‍മാണം പൂര്‍ത്തിയായത് ഏക ഐടി മന്ദിരം മാത്രമാണ്. യുഡിഎഫ് സര്‍ക്കാര്‍ പ്രതീക്ഷയോടെ തുടങ്ങിവെക്കുന്ന പല പദ്ധതികളുടെയും ക്രെഡിറ്റ് തട്ടിയെടുക്കുന്നത് എല്‍.ഡി.എഫ് സര്‍ക്കാരായിരിക്കും. ഇടതുപക്ഷ സര്‍ക്കാരിന്റെ വികസനം ഒതുങ്ങുന്നത് വെറും വാഗ്‌ദാനങ്ങളിലും കടലാസു പേപ്പറുകളിലും മാത്രമാണെന്ന് പരക്കെ ആക്ഷേപമുണ്ട്.
99 വര്‍ഷത്തേക്ക് ഏക്കറിന് വെറും ഒരു രൂപ പാട്ടത്തിനാണ് കാക്കനാട്ടെ 246 ഏക്കര്‍ ഭൂമി ടീം കോം കമ്പനിക്ക് കൊടുത്തത്. കൊച്ചിയുടെ സാധ്യതകളെ ലോകവിപണിയില്‍ ടീം കോം മാര്‍ക്കറ്റ് ചെയ്യുമെന്നതായിരുന്നു പദ്ധതിക്ക് പിന്നിലെ ലക്ഷ്യം. തുടര്‍ന്ന് 90,000 തൊഴില്‍ അവസരങ്ങള്‍ സമാര്‍ട് സിറ്റിയില്‍ ഉറപ്പാക്കണം എന്ന ഉദ്ദേശത്തോടെ പത്ത് വര്‍ഷത്തിനുള്ളിലാണ് കരാറില്‍ ഒപ്പിട്ടത്. കഴിഞ്ഞ വര്‍ഷം നിര്‍മ്മിക്കുവാന്‍ ആരംഭിച്ച നാല് കെട്ടിടങ്ങള്‍ എവിടെയെത്തുമെന്ന് അറിയില്ല. ഇവയൊന്നും വന്‍കിട കമ്പനികളുടേത് അല്ലെന്നു മാത്രമല്ല, അന്തര്‍ദേശീയ കമ്പിനികള്‍ കേരളത്തില്‍ എത്തുമെന്ന് ഉറപ്പില്ലാതെ നിര്‍മിക്കുന്നവയുമാണ്. സര്‍ക്കാരിന് 16 ശതമാനവും ദുബായ് ഹോള്‍ഡിങിന് 84 ശതമാനവും ഓഹരിയാണ് സ്‌മാര്‍ട് സിറ്റി കൊച്ചി ഇന്‍ഫ്രാസ്‌ട്രക്‌ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡിലുള്ളത്. ഇതിന്റെ ബോര്‍ഡ് ഓഫ് ചെയര്‍മാര്‍ പദവി വഹിക്കുന്നത് സംസ്ഥാന മുഖ്യമന്ത്രിയാണ്.
പ്രതീക്ഷയോടെ യുഡിഎഫ് സര്‍ക്കാര്‍ തുടക്കമിട്ട പദ്ധതിയുടെ മെല്ലെപ്പോക്ക് ചോദ്യം ചെയ്യുമ്പോള്‍ പ്രളയം, കൊവിഡിനെ തുടര്‍ന്നുണ്ടായ ലോക്‌ഡൗണ്‍, തുടങ്ങിയ കാരണങ്ങളാണ് ഇടതുപക്ഷ സര്‍ക്കാരിന് നിരത്തുവാനുള്ളത്. മൊത്തം ഭൂമിയുടെ 12 ശതമാനം ദുബായി ഹോള്‍ഡിങിന് നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനവും വെള്ളത്തില്‍ വരച്ച വരപോലെയായി. മാത്രമല്ല വാഗ്‌ദാനം ചെയ്‌തതിന്റെ പത്ത് ശതമാനം പോലും തൊഴില്‍ അവസരങ്ങള്‍ ഇവിടെ ലഭ്യമായിട്ടില്ല. വന്‍കിട വ്യവസായങ്ങള്‍ തങ്ങളുടെ ആശയമാണെന്ന് അവകാശപ്പെടുന്ന സിപിഎം കേരളത്തിന്റെ ഐടി മേഖലയ്‌ക്ക് പ്രതീക്ഷ നല്‍കുന്ന പദ്ധതിക്ക് എന്ത് പിന്തുണയാണ് നല്‍കിയതെന്ന് വ്യക്തമാക്കേണ്ടിയിരിക്കുന്നു.
കേരളത്തിലെ വ്യവസായ മേഖലയെ വികസനത്തിന്റെ പാതയില്‍ എത്തിക്കുമെന്ന് ഘോരം ഘോരം പ്രസംഗിച്ചുകൊണ്ട് വാഗ്‌ദാനങ്ങള്‍ മാത്രം നല്‍കുന്ന ഒരു വ്യവസായ മന്ത്രിയാണ് കേരളത്തിനുള്ളത് എന്നത് പോരായ്‌മയാണ്. സ്മാര്‍ട്ട് സിറ്റി പോലുള്ള പദ്ധതികളെ കണ്ടില്ലെന്ന് നടിക്കുന്ന വ്യവസായ മന്ത്രിയുടെ സമീപനവും എടുത്തുപറയേണ്ട ഒന്നാണ്. സ്വകാര്യ മേഖലയെ സംബന്ധിച്ച് അവര്‍ ആഗ്രഹിക്കുന്നത് സര്‍ക്കാരിന്റെ പങ്കാളിത്തം ഇല്ലാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാനാണ്. എന്നാല്‍ ഇടതുപക്ഷ സര്‍ക്കാരിന് വേണ്ടത് പങ്കാളിത്തം മാത്രമാണ്. ഇവയെല്ലാം കൂടി ചേര്‍ന്നപ്പോള്‍ സ്‌മാര്‍ട് സിറ്റി ഒട്ടും സ്‌മാര്‍ട്ടാകാത്ത ഒരു സിറ്റിയായി മാറി. തൊഴിലവസരങ്ങളുടെ അനന്ത സാധ്യത കേരളത്തില്‍ ഉണ്ടായിട്ടും അവ യുവാക്കള്‍ക്ക് പ്രദാനം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെങ്കില്‍ വിദേശത്ത് തൊഴില്‍ അവസരങ്ങള്‍ തേടിപോകുന്ന യുവാക്കളെ എങ്ങനെ തെറ്റ് പറയാനാകും.