പ്രമാടം : കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ കല്ലട ഇറിഗേഷൻ പ്രോജക്ട് (കെ.ഐ.പി) കനാൽ തുറക്കുന്നതും കാത്തിരിക്കുകയാണ് പ്രമാടം പഞ്ചായത്ത് നിവാസികൾ. പത്ത് ചെറുകിട കുടിവെള്ള പദ്ധതികളും പ്രമാടം കുടിവെള്ള പദ്ധതിയുമാണ് പഞ്ചായത്തിലുള്ളത്. ചെറുകിട പദ്ധതികളിലേക്ക് വരൾച്ചക്കാലത്ത് വെള്ളം കിട്ടണമെങ്കിൽ കെ.ഐ.പി കനാലിൽ കൂടി വെള്ളം എത്തണം. കോന്നി ഡിസ്ട്രിബ്യൂഷറിയുടെ ഭാഗമാണ് പ്രമാടം പഞ്ചായത്ത്. കരിങ്കുടുക്ക മുതൽ വി. കോട്ടയം വരെയാണ് കെ.ഐ.പി കനാൽ പ്രമാടം പഞ്ചായത്തിലൂടെ കടന്നുപോകുന്നത്.
പത്ത് വാർഡുകളിൽ കനാൽ വെള്ളത്തിന്റെ പ്രയോജനം ലഭിക്കും. കനാൽ തുറന്നു വിട്ടാൽ സമീപ പ്രദേശങ്ങളിലെ വീടുകളുടെ കിണറിലും വെള്ളം ലഭിക്കും. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കനാൽ വൃത്തിയാക്കുന്ന ജോലികൾ നടക്കുന്നുണ്ട്. വകയാർ, കൈതക്കര, തെങ്ങുംകാവ്, പൂങ്കാവ് പ്രദേശങ്ങളിൽ വൃത്തിയാക്കൽ പൂർത്തീകരിച്ചു. ബാക്കി ഭാഗങ്ങളിൽ യുദ്ധകാല അടിസ്ഥാനത്തിൽ പണികൾ പുരോഗമിക്കുന്നുണ്ട്.