തിരുവല്ല : തിരുവല്ല താലൂക്ക് ആശുപത്രി ഒപി കെട്ടിടത്തിന് പിന്നിലും ഐപി കെട്ടിടത്തിന്റെ വശങ്ങളിലും മലിനജലം കെട്ടിക്കിടക്കുന്നു. സെപ്റ്റിക് ടാങ്കിലേക്കുള്ള പൈപ്പ് ചോർന്നാണ് ഇപ്പോൾ ഒപി പ്രവർത്തിക്കുന്ന കെട്ടിടത്തിന് പിന്നിലുള്ള വളപ്പിൽ മലിനജലം നിറയുന്നത്. ആശുപത്രിയിലെ മലിനജലം ഉൾപ്പെടെയുള്ളവ ശേഖരിക്കാൻ പുതിയ സെപ്റ്റിക് ടാങ്ക് പണിതെങ്കിലും സാങ്കേതികപ്രശ്നങ്ങൾ ഉള്ളതായാണ് സൂചന. ഇവ ഇടയ്ക്കിടെ ഓവർഫ്ളോയാകും. 11 ലക്ഷം രൂപ ചെലവിൽ രണ്ട് ടാങ്കാണ് പുതിയ ഐപി കെട്ടിടത്തിന് പിന്നിലായി പണിതത്.
ഐപി കെട്ടിടത്തിന്റെ കിഴക്കുവശത്ത് ജലവിതരണക്കുഴലിന്റെ ഭാഗങ്ങൾ ചോരുന്നുണ്ട്. ഇവിടെ പലഭാഗത്തായി വെള്ളം കെട്ടിനിൽക്കുന്നു. ഓടകൾ ഇളകിയും മറ്റുമാണ് പലഭാഗങ്ങളിലും കിടക്കുന്നത്. മാർച്ചറി, പോസ്റ്റുമോർട്ടം തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള വഴിയാണിത്. നിരപ്പായ റോഡില്ല. ആശുപത്രിയിൽവെച്ച് മരിക്കുന്നവരുടെ ശരീരം സ്‌ട്രെച്ചറിൽ ഈ വഴിയിലൂടെയാണ് മോർച്ചറിയിലേക്ക് കൊണ്ടുപോകുന്നത്. ആശുപത്രിയിൽ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന് ശുചിത്വമിഷൻ വഴി പണം അനുവദിച്ചിട്ടും തുടർനടപടികൾ ഉണ്ടായിട്ടുമില്ല.