നെടുങ്കണ്ടം : ഇടുക്കിയിലെ പ്രവര്‍ത്തകയുടെ ലൈംഗിക അതിക്രമ പരാതിയില്‍ സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ അംഗം സി.കെ. കൃഷ്ണന്‍കുട്ടിക്കെതിരെ പാര്‍ട്ടിതല നടപടി. ഇടുക്കി ജില്ലാ എക്‌സിക്യൂട്ടീവില്‍നിന്ന് ജില്ലാ കൗണ്‍സിലിലേക്ക് തരംതാഴ്ത്തി. സംസ്ഥാന കൗണ്‍സിലില്‍നിന്ന് പുറത്താക്കാനും ജില്ല എക്‌സിക്യൂട്ടീവ് ശുപാര്‍ശ ചെയ്തു.
ഇത് രണ്ടാംതവണയാണ് സമാന സ്വഭാവമുള്ള കേസില്‍ സി.കെ. കൃഷ്ണന്‍കുട്ടിക്കെതിരെ നടപടി സ്വീകരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് മഹിളാസംഘം പ്രവര്‍ത്തകയായ യുവതി, കൃഷ്ണന്‍കുട്ടിക്കെതിരെ പാര്‍ട്ടി ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയത്. പരാതിയില്‍ ജില്ല ഘടകം നടപടി സ്വീകരിക്കാതിരുന്നതിനെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പരാതി നല്‍കി.
ഫോണില്‍ നിരന്തരം വിളിച്ച് ശല്യപ്പെടുത്തിയെന്നും പാര്‍ട്ടി ഓഫീസിലും റിസോര്‍ട്ടിലും വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമായിരുന്നു പരാതി. ഇതിനെ തുടര്‍ന്ന് പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചു. യുവതിയുടെയും കൃഷ്ണന്‍കുട്ടിയുടെയും മൊഴി രേഖപ്പെടുത്തി. അമ്പതിലധികം വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെയും മൊഴി രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സി.കെ. കൃഷ്ണന്‍കുട്ടി തെറ്റുകാരന്‍ ആണെന്നായിരുന്നു അന്വേഷണ കമ്മിറ്റിയുടെ കണ്ടെത്തല്‍. സമാനമായ സംഭവത്തില്‍ മുന്‍പും കൃഷ്ണന്‍കുട്ടിയെ സംസ്ഥാന സമിതിയില്‍നിന്നും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിട്ടുണ്ടെന്നും അതിനാല്‍ ഇദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. പാര്‍ട്ടിയില്‍നിന്ന് പുറത്തക്കുന്നതും കടുത്ത നടപടികളും ഒഴിവാക്കുന്നതിന് ചില മുതിര്‍ന്ന നേതാക്കള്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.