ഡൽഹി: ലൈംഗികാതിക്രമ പരാതിയിൽ നടപടിയാവശ്യപ്പെട്ടു സമരരംഗത്തുള്ള ഗുസ്തി താരങ്ങളായ സാക്ഷി മാലിക്ക്, ബജ്‌രംഗ് പുനിയ, വിനേഷ് ഫോഗട്ട് എന്നിവർ ഔദ്യോഗിക ജോലികളിൽ തിരികെ പ്രവേശിച്ചു. റെയിൽവേ മന്ത്രാലയത്തിൽ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി (സ്പോർട്സ്) പദവിയിലാണു മൂവരും ജോലി ചെയ്യുന്നത്. സമരത്തിൽ നിന്നു പിൻമാറിയിട്ടില്ലെന്നും ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള പോരാട്ടം തുടരുമെന്നും താരങ്ങൾ പ്രതികരിച്ചു. സാക്ഷി മാലിക്ക് സമരത്തിൽ നിന്നു പിൻമാറിയെന്ന് മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു.
സമരം അട്ടിമറിക്കാനുള്ള ചിലരുടെ നീക്കത്തിന്റെ ഭാഗമാണിതെന്നാണ് അവർ പ്രതികരിച്ചത്. ഇതിനിടെ, ശനിയാഴ്ച രാത്രി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി താരങ്ങൾ ചർച്ച നടത്തി. നിയമം എല്ലാവർക്കും ഒരുപോലെയായിരിക്കുമെന്ന് അമിത് ഷാ താരങ്ങളോടു പറഞ്ഞെന്നാണു വിവരം. ശനിയാഴ്ച രാത്രി 11ന് അദ്ദേഹത്തിന്റെ വസതിയിൽ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടു. ചർച്ചയിൽ തീരുമാനമൊന്നും ഉണ്ടായിട്ടില്ലെന്നു സാക്ഷി പറഞ്ഞു. സാക്ഷി മാലിക്ക് കഴിഞ്ഞ മാസം 30നും ബജ്‌രംഗ് പുനിയയും വിനേഷ് ഫോഗട്ടും 31നും ആണു ജോലിയിൽ തിരികെ പ്രവേശിച്ചത്.
‘സമരത്തിനൊപ്പം റെയിൽവേയിലെ ഞങ്ങളുടെ ജോലികളും ചെയ്യേണ്ടതുണ്ട്. നീതി ലഭിക്കുന്നതു വരെ സമരം തുടരും. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്’– സാക്ഷി മാലിക്ക് ട്വീറ്റ് ചെയ്തു. അക്രമരഹിതമായി എങ്ങനെ സമരം മുന്നോട്ടു കൊണ്ടുപോകാനാകുമെന്നു പരിശോധിക്കുകയാണെന്നും താരങ്ങൾ പ്രതികരിച്ചു. ഹരിയാനയിൽ ഗുസ്തി താരങ്ങളുടെ നേതൃത്വത്തിൽ മഹാപഞ്ചായത്ത് നടത്താൻ ആഹ്വാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം കുരുക്ഷേത്രയിൽ ചേർന്ന ഖാപ് മഹാപഞ്ചായത്തിൽ ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യാൻ 9 വരെയാണു സമരം അനുവദിച്ചിരിക്കുന്നത്.