തിരുവനന്തപുരം : പതിനേഴുകാരിയായ പ്ലസ് ടു വിദ്യാർഥിനിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ പ്രതിക്ക് മൂന്നു വർഷം തടവും 10,000 രൂപ പിഴക്കും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചു. മണക്കാട് ഐരാണിമുട്ടം സ്വദേശിയായ ഷിബുകുമാറിനെയാണ് (49) ജഡ്ജി ആർ. രേഖ ശിക്ഷിച്ചത്. 2022 ഏപ്രിൽ 10 നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി കുട്ടിയോട് പല പ്രാവശ്യം അശ്ലീലച്ചുവയോട് സംസാരിക്കുമായിരുന്നു. സംഭവ ദിവസം പരീക്ഷയോടനുബന്ധിച്ച് വീട്ടിലിരുന്നു പഠിച്ചുകൊണ്ടിരുന്ന കുട്ടിയെ വിളിച്ച് ജനലിൽ കൂടി പ്രതി വസ്ത്രംമാറ്റിക്കാണിക്കുകയും അശ്ലീലം പറയുകയും ചെയ്തു.
ഈ സമയം കുട്ടിയുടെ മുത്തശ്ശിയും അയൽവാസിയും ഉണ്ടായിരുന്നു. മുത്തശ്ശി ദേഷ്യപ്പെട്ടതോടെയാണ് പ്രതി പോയത്.പല തവണ കുട്ടി വീട്ടിൽ വരുന്ന വഴിക്ക് പ്രതി മദ്യലഹരിയിൽ ഭീഷണിപ്പെടുത്തുകയും ചീത്ത വിളിക്കുകയും ചെയ്യാറുണ്ടെന്നാണ് പ്രോസിക്യൂഷൻ കേസ്. പിഴത്തുക അടച്ചില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കണം. പിഴത്തുക ലഭിച്ചാൽ കുട്ടിക്ക് നൽകണമെന്ന് വിധിയിൽ വ്യക്തമാക്കുകയും ചെയ്തു.