പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ സ്വകാര്യ ഔഷധ ചില്ലറവ്യാപാരസ്ഥാപനത്തില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധനയില്‍ അനധികൃതമായി വില്‍പ്പനയ്ക്ക് സൂക്ഷിച്ച ലൈംഗികോത്തേജന മരുന്നുകള്‍ പിടിച്ചെടുത്തു. സ്ഥാപന ഉടമയ്ക്കെതിരെ കേസെടുത്തു. ഡോക്ടറുടെ കുറിപ്പടിയോടുകൂടിമാത്രം വില്‍ക്കേണ്ട സില്‍ഡനാഫില്‍ സിട്രേറ്റ് എന്ന ഷെഡ്യൂള്‍ വിഭാഗത്തില്‍പ്പെട്ട മരുന്നാണ് സ്ഥാപനത്തില്‍ സൂക്ഷിച്ചത്. സില്‍ഡനാഫില്‍ സിട്രേറ്റ് അടങ്ങിയ മരുന്നുകളുടെ അശാസ്ത്രീയമായ ഉപയോഗം ഹൃദ്രോഗികളില്‍ മരണംവരെ ഉണ്ടാകാന്‍ സാധ്യതയുള്ളതാണ്. പിടിച്ചെടുത്ത മരുന്നുകളുടെ ശരിയായ പര്‍ച്ചേസ് ബില്ലുകള്‍ ഹാജരാക്കാന്‍ കടയുടമയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഹാജരാക്കാത്തതിനാലാണ് സ്ഥാപന ഉടമക്കെതിരേ കേസെടുത്തത്.
150 രൂപ പരമാവധി വില്പനവില രേഖപ്പെടുത്തിയ മരുന്നുകള്‍ 15 രൂപയ്ക്കാണ് സ്ഥാപനത്തില്‍ എത്തിയിരുന്നതെന്ന് കടയുടമ വെളിപ്പെടുത്തി. അന്‍പത്തിമൂവായിരത്തോളം രൂപ വരുന്ന 1424 ടാബ്‌ലറ്റുകള്‍ പിടിച്ചെടുത്തു. പിടിച്ചെടുത്ത മരുന്നുകളും അനുബന്ധരേഖകളും പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
കോഴിക്കോട് അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ സുജിത് കുമാറിന്റെ നിര്‍ദേശപ്രകാരം മലപ്പുറം ജില്ലാ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ ഡോ. എം.സി. നിഷിതിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധനാസംഘത്തില്‍ ജില്ലയിലെ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരായ ടി.എം. അനസ്, ആര്‍. അരുണ്‍കുമാര്‍ എന്നിവരുമുണ്ടായിരുന്നു.