തിരുവനന്തപുരം: സോഷ്യല്‍മീഡിയയില്‍ സ്ത്രീകള്‍ക്ക് നേരെ ലൈംഗികാധിക്ഷേപം നടത്തുന്ന സൈബര്‍ കോണ്‍ഗ്രസിനെ നിലക്ക് നിര്‍ത്താന്‍ നേതൃത്വം തയ്യാറാകണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. സംഭവത്തില്‍ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്. അധിക്ഷേപങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ അന്വേഷണം നടത്തി ശിക്ഷ ഉറപ്പു വരുത്തണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.
ഡിവൈഎഫ്‌ഐ പ്രസ്താവന: പൊതുരംഗത്ത് ഇടപെടുന്ന വനിതകളെ ലൈംഗിക വൈകൃതത്തോട് കൂടി നോക്കിക്കാണുന്ന കോണ്‍ഗ്രസ് സൈബര്‍ കൂട്ടങ്ങളെ നിലക്ക് നിര്‍ത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകേണ്ടതുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൊതു രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന വനിതകളുടെയും പൊതുപ്രവര്‍ത്തകരുടെ കുടുംബത്തിന്റെയും ഫോട്ടോകള്‍ ദുരുപയോഗം ചെയ്തും വ്യാജമായ വാര്‍ത്തകള്‍ നിര്‍മ്മിച്ചും ദ്വയാര്‍ത്ഥ പ്രയോഗവും അശ്ലീലവും നിറഞ്ഞ കമന്റുകളുമായി കോണ്‍ഗ്രസ് സ്‌പോണ്‍സര്‍ ചെയ്യുന്ന വ്യാജ സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ നെറികെട്ട പ്രവര്‍ത്തനം നടത്തി വരികയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണെന്നും വ്യക്തമാണ്. സാമൂഹ്യ മാധ്യമങ്ങളിലെ ഈ വൈകൃതങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത്തരം സൈബര്‍ തെമ്മാടിക്കൂട്ടങ്ങള്‍ക്കെതിരെ ശക്തമായ അന്വേഷണം നടത്തി ശിക്ഷ ഉറപ്പു വരുത്തണം.