ഇടുക്കി: സിപിഐ നേതാവിനെതിരെ ലൈംഗീകാതിക്രമ പരാതിയുമായി വനിതാ പ്രവര്‍ത്തക. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗത്തിനെതിരായി വനിതാ പ്രവര്‍ത്തക കൊടുത്ത ലൈംഗീകാതിക്രമ പരാതിയില്‍ പാര്‍ട്ടി നിയോഗിച്ച കമ്മീഷന്‍ അന്വേഷണം തുടങ്ങി. ഇടുക്കി നെടുങ്കണ്ടം സ്വദേശിയും മഹിളാ സംഘം നേതാവുമായ വീട്ടമ്മയാണ് പരാതിക്കാരി. ഒക്‌ടോബര്‍ 25നകം മൂന്നംഗ അന്വേഷണ കമ്മീഷന്‍ സംസ്ഥാന കൗണ്‍സിലിന് റിപ്പോര്‍ട്ട് നല്‍കും.
എന്നാല്‍ സിപിഐ നെടുങ്കണ്ടം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ വെച്ച് സംസ്ഥാന കൗണ്‍സില്‍ അംഗമായ നേതാവ് കയറിപ്പിടിച്ചെന്നാണ് വീട്ടമ്മയുടെ പരാതി. ഇതിനുമുന്‍പും ഇയാള്‍ ഫോണിലൂടെ ലൈംഗീക ചുവയോടെ സംസാരിച്ചിട്ടുണ്ടെന്നും സംസ്ഥാന കൗണ്‍സിലിനും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നല്‍കിയ പരാതിയില്‍ വീട്ടമ്മ വ്യക്തമാക്കി. ഫോണ് വിളിച്ചതിന്റെ ഓഡിയോ ക്ലിപ്പടക്കം പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് നേരത്തെ ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും നടപടിയില്ലാതെ വന്നതോടെയാണ് വീട്ടമ്മ സംസ്ഥാന നേതൃത്വത്തെ സമീപിച്ചത്. സംസ്ഥാന കൗണ്‍സില്‍ നിയോഗിച്ച കമ്മീഷന്‍ പരാതിക്കാരിയില്‍ നിന്നും ആരോപണവിധേയനില്‍ നിന്നും മൊഴിയെടുത്തു. നിയോജകമണ്ഡലം കമ്മിറ്റി അംഗങ്ങളുടെയും മൊഴിയെടുക്കും.
അതേസമയം വര്‍ഷങ്ങള്‍ക്ക് മുമ്പ് സമാന പരാതിയില്‍ നടപടി നേരിട്ടയാളാണ് ആരോപണവിധേയനായ നേതാവ്. സംസ്ഥാന നേതൃത്വത്തില്‍ നിന്നും നീതി ലഭിച്ചില്ലെങ്കില്‍ പോലീസിന് പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് വീട്ടമ്മ. എന്നാല്‍ പരാതി കെട്ടിച്ചമച്ചതാണെന്നും പാര്‍ട്ടിക്ക് അകത്തെ തന്നെ ചിലരാണ് ആരോപണത്തിന് പിന്നിലെന്നും നേതാവ് പറയുന്നു. ഇക്കാര്യവും അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.