കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പരാമർശങ്ങളെയും അതിനെ ന്യായീകരിക്കുന്ന മറ്റ് മതപണ്ഡിതന്മാരെയും രൂക്ഷമായി വിമർശിച്ച് എസ്എഫ്ഐ. പെൺകുട്ടികൾ പൊതുവിടങ്ങളിൽ വരുമ്പോൾ തകരുന്നത് ചിലരുടെ മനസിലെ പൊള്ളയായ സദാചാരബോധം മാത്രമാണെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് ഫേസ്ബുക്കിൽ കുറിച്ചു. ആൺകുട്ടികൾ നിരത്തിലിറങ്ങിയാലോ നൃത്തം ചെയ്താലോ പൊളിയാത്ത റോഡുകൾ പെൺകുട്ടികൾ ഇറങ്ങിയാലും പൊളിയില്ലെന്ന് പണ്ഡിതന്മാർ മനസിലാക്കേണ്ടതുണ്ട്. മുൻപ് പറഞ്ഞ സ്ത്രീവിരുദ്ധ നിലപാടുകളെ വീണ്ടും പിന്തിരിപ്പൻ പരാമർശങ്ങളിലൂടെ ന്യായീകരിക്കാൻ ശ്രമിക്കരുതെന്നും ഇത്തരം കപട സദാചാരബോധങ്ങളെയാണ് ആദ്യം തിരുത്തേണ്ടതെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
ഇത്തരം വിഷയങ്ങളിൽ എസ്എഫ്ഐ എന്തിനാണ് ഇടപെടുന്നത് എന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയും അദ്ദേഹം നൽകുന്നുണ്ട്. മതത്തിന്റെ പേരിൽ രാഷ്ട്രീയം കളിക്കുന്ന എംഎസ്എഫുകാരെക്കൊണ്ട് കേരളത്തിലെ ഏതെങ്കിലും ക്യാമ്പസുകളിൽ ഈ പണ്ഡിതരുടെ അഭിപ്രായങ്ങളെ പിന്തുണപ്പിച്ച് പറയിപ്പിക്കാൻ നിങ്ങൾക്ക് സാധിക്കുമോ എന്നാണ് എംഎസ്എഫിനോടുള്ള അദ്ദേഹത്തിന്റെ വെല്ലുവിളി.മനുഷ്യ വിമോചനമാണ് മതം എക്കാലത്തും ഉയർത്തിപ്പിടിക്കേണ്ടത്. അല്ലാതെ സമൂഹത്തിൽ പുതിയ തടവറകൾ സൃഷ്ടിക്കലാവരുത്. ഇത്തരം പിന്തിരിപ്പൻ നിലപാടുകളുമായി നാട്ടിലിറങ്ങിയാൽ പുതിയ തലമുറ അതിനെ പറപറപ്പിക്കുമെന്നും അദ്ദേഹം കുറിച്ചു.































